ആലപ്പുഴ: സി.പി.എം. ആക്രമണത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുള്ള സി.പി.ഐ. ജില്ലാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി വിവാദം. സി.പി.ഐ. കഞ്ഞിക്കുഴി ലോക്കല്‍ സെക്രട്ടറി എം.ഡി. അനില്‍കുമാറിനെയും കുടുംബാംഗങ്ങളെയും സി.പി.എം. – ഡി.വൈ.എഫ്.ഐ. സംഘം വീട്ടില്‍ക്കയറി ആക്രമിച്ചതിനെതിരേ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസാണ് പോസ്റ്റിട്ടത്. അനില്‍കുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്ന ചിത്രത്തോടൊപ്പമായിരുന്നു ഇത്.
സി.പി.എം. കേരളത്തില്‍ നടത്തുന്നത് അക്രമരാഷ്ട്രീയമാണെന്നു രാജ്യവ്യാപകമായി ബി.ജെ.പി. പ്രചാരണം ആരംഭിച്ചവേളയിലാണ് ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവും മുഖ്യഭരണകക്ഷിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഇതില്‍ സി.പി.എം. പ്രാദേശിക നേതൃത്വത്തിനു കടുത്ത അമര്‍ഷമാണുള്ളത്. പ്രാദേശികവിഷയം പരസ്പരം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ശ്രമിക്കാതെ പാര്‍ട്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചെന്നാണ് അവരുടെ ആക്ഷേപം. ആക്രമണത്തെത്തുടര്‍ന്നു സി.പി.ഐ. സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനത്തില്‍ ഒരു പടികൂടി കടന്ന് സി.പി.എമ്മിനെ ആഞ്ചലോസ് വിമര്‍ശിച്ചിരുന്നു. പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഭരണവും ആഭ്യന്തരവും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടും സ്മാരകം ആക്രമിച്ചവരെ പിടികൂടാത്തതിനെക്കുറിച്ചു സി.പി.എം. മറുപടി പറയണമെന്നാണ് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടത്. യഥാര്‍ഥപ്രതികള്‍ പുറത്തുവന്നാല്‍ പലരുടെയും നിലനില്‍പ്പ് അവതാളത്തിലാകുമെന്ന സംശയം ജനങ്ങള്‍ക്കുണ്ടെന്ന ആക്ഷേപവും ജില്ലാ സെക്രട്ടറി ഉന്നയിച്ചു.
സി. പി.എമ്മും സി.പി.ഐയും സംയുക്തമായി സംഘടിപ്പിക്കുന്ന പുന്നപ്ര-വയലാര്‍ വാരാചരണത്തിന് തൊട്ടുമുമ്പുണ്ടായ വിവാദം പരിപാടിയുടെ ഒരുക്കത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രവര്‍ത്തകര്‍ക്കുണ്ട്. അടുത്ത 20 മുതല്‍ 27 വരെയാണ് വാരാചരണം.
Discussion about this post