മലപ്പുറം: മുസ്‌ലിം ലീഗ് രാജ്യസഭാ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നതില്‍ ഇത്തവണ പാരമ്പര്യത്തില്‍നിന്നു മാറ്റമുണ്ടായെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അത്തരം നീക്കങ്ങളില്‍ തെറ്റു പറ്റാറുണ്ടെന്നും അതിന്റെ വിധി കാലം തീരുമാനിക്കട്ടെയെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് സംബന്ധിച്ച തന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏതെങ്കിലും വ്യക്തികളെ ലക്ഷ്യംവച്ചുള്ളതായിരുന്നില്ല. വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാന്‍ മാത്രമുള്ളതായിരുന്നു. പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ അത്തരം വ്യക്തിപരമായ അഭിപ്രായങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും മുനവ്വറലി തങ്ങള്‍ പുതിയ പോസ്റ്റില്‍ പറഞ്ഞു.
മുന്‍പ് ഒരു മുതലാളിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിന് പാര്‍ട്ടി വലിയ വില നല്‍കേണ്ടി വന്നിട്ടുണ്ടെന്നും മുന്‍ സംസ്ഥാന അധ്യക്ഷനും തന്റെ പിതാവുമായ മുഹമ്മദലി ശിഹാബ് തങ്ങളെ അത് ഏറെ വിഷമിപ്പിച്ചിരുന്നെന്നുമുള്ള മുനവ്വറലി തങ്ങളുടെ പോസ്റ്റ് വിവാദമായിരുന്നു. ലീഗ് നേതൃത്വത്തിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ തീരുമാനം അംഗീകരിക്കുന്നെന്നും വഹാബിന് എല്ലാ ആശംസകളും നേരുന്നെന്നും പുതിയ പോസ്റ്റിലുണ്ട്.
…. നിലവിലുള്ള സംവിധാനങ്ങള്‍ തകര്‍ക്കാതെ വ്യക്തമായ കാഴ്ചപ്പാടോടും ക്ഷമയോടുംകൂടി അവയെ പരിഷ്‌കരിച്ചെടുക്കുന്നതിലാണ് താനും കുടുംബവും വിശ്വസിക്കുന്നത്. ‘മൂല്യാധിഷ്ഠിത പുരോഗമനാത്മക സമൂഹത്തിനു വേണ്ടിയായിരിക്കും ഞങ്ങള്‍ എക്കാലത്തും ശബ്ദമുയര്‍ത്തുകയെന്നു ഞാന്‍ ഉറപ്പുതരുന്നു എന്നിങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്.
Discussion about this post