കൊച്ചി ബിനാലെയ്ക്ക് എത്തിയ അമേരിക്കന്‍ കലാകാരന് വാസ്വോ എക്സ് വാസ്വോ മട്ടാഞ്ചേരിയില്‍ വന്‍ കയറ്റിറക്ക് കൂലി ചോദിച്ച തൊഴിലാളി യൂണിയനുകളോട് പ്രതിഷേധിച്ച് കലാസൃഷ്ടികള്‍ നശിപ്പിക്കുന്നതിന്റെ വീഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. കേരളത്തിന് തന്നെ സംഭവം നാണക്കേടായതിനെ തുടര്‍ന്നാണ് മുന്‍ മന്ത്രി എം.എ ബേബി വാസ്വോയോട് കേരളത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു എന്ന് ഫേസ്ബുക്കില്‍ പ്രതികരിച്ചത്.
വാസ്വോയോട് ഭീമമാ കയറ്റിറക്ക് കൂലി ചോദിച്ച് നമ്മുടെ നാടിന് തീര്‍ത്താല്‍ തീരാത്ത നാണക്കേട് വരുത്തിയിരിക്കുകയാണ് ഏതാനും തൊഴിലാളികള്‍. ഇവര്‍ ഏത് യൂണിയന് എന്നതല്ല, ആര് ചെയ്താലും അപമാനം കേരളത്തിനാണെന്ന് എം,എ ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കുക-
പ്രശസ്ത കലാകാരന് വാസ്വോ എക്സ് വാസ്വോ യോട് കേരളത്തിന് വേണ്ടി മാപ്പ് ചോദിക്കുന്നു .കൊച്ചി മുസരിസ് ബിനാലെയുടെ അനുബന്ധമായി പ്രദര്‍ശിപ്പിക്കപ്പെട്ട വാസ്വോ യുടെ കലാ സൃഷ്ടികള്‍ തിരിച്ചു കൊണ്ട് പോകുന്നതിനിടയില്‍ അതി ഭീമമായ കയറ്റിറക്ക് കൂലി ചോദിച്ച് നമ്മുടെ നാടിനു തീര്‍ത്താല്‍ തീരാത്ത നാണക്കേട് വരുത്തിയിരിക്കുകയാണ് ഏതാനും തൊഴിലാളികള്‍. ഇവര്‍ CITU വിന്റെയോ AITUC യുടെയോ തൊഴിലാളികളല്ല എന്ന സത്യത്തിന്റെ സംരക്ഷണയില്‍ നമ്മുക്ക് ആശ്വസിക്കാന്‍ കഴിയില്ല .ആര് ചെയ്താലും അപമാനം കേരളത്തിനാണ് .പലപ്പോഴും ഇത്തരം ‘കുറ്റത്തരത്തിന്റെ’ ഉത്തരവാദിത്തം ഇടതു പക്ഷത്തിന്റെ ചുമലിലാണ് ചിലര്‍ ബോധ പൂര്‍വ്വം വച്ച് കൊടുക്കാറ് ഉള്ളത് .
വിദേശിയോ ,നാട്ടുകാരോ ആരോടും പിടിച്ചു പറി കൂലി വാങ്ങാന്‍ പാടില്ല എന്നതാണ് ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും പിന്തുടരുന്ന സമീപനം .താങ്ങാന്‍ പറ്റാത്ത അക്രമ കൂലി ചോദിച്ചത് കൊണ്ട് വാസ്വോ തന്റെ കലാ സൃഷ്ടികള്‍ കുറെ നശിപ്പിക്കുകയും, പ്രതിഷേധ പൂര്‍വ്വം അത് യു ടൂബില്‍ ഇടുകയും ചെയ്തിരിക്കുകയാണ് .
ഏറ്റവും വിജയകരമായി നടക്കുകയും ലോകം മുഴുവന്‍ ശ്രദ്ധിക്കുകയും അഭിനന്ദിക്കുകയും ചെയ്ത കൊച്ചി മുസരിസ് ബിനാലെയ്ക്ക് പര്യവസാന വേളയില്‍ ദുഃഖകരമായ ഇത്തരം ഒരു അനുഭവം ഉണ്ടായത് മഹാ കഷ്ടമെന്നേ പറയാവു. കലാ ലോകത്തോട് ഒരിക്കല്‍ കൂടി മാപ്പ് ….
Discussion about this post