തിരുവനന്തപുരം: സോളാര്‍ കേസില്‍ കെ ബി ഗണേഷ് കുമാറിനെ പ്രതി ചേര്‍ക്കണമെന്ന് ബിജു രാധാകൃഷ്ണന്. സിഡി അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും സോളാര്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. കേസില്‍ ഗണേഷ് കുമാറിനെതിരായ തെളിവുകള്‍ പുതിയ അന്വേഷണ സംഘത്തിന് നല്കാന് തയ്യാറാണെന്ന് ബിജു രാധാകൃഷ്ണന്റെ വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഗണേശിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. കേസില്‍ ഉമ്മന്‍ ചാണ്ടി തന്നെ ബലിയാടാക്കിയെന്നും ബിജു പറഞ്ഞു.
മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന് ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന് വശം ബിജു രാധാകൃഷ്ണന് എഴുതി അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഗണേഷ് കുമാറിനെതിരെയും പി എ പ്രദീപിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ജയിലില്‍ കഴിഞ്ഞതിന് ശേഷം ഗണേഷിന്റെ പിഎ പ്രദീപിനെ കണ്ടതായി സരിത സോളാര്‍ കമ്മീഷനു മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങളുടെ സത്യാവസ്ഥ അറിയുന്നതിന് ജസ്റ്റിസ് എന്‍ ശിവരാജന് ഗണേഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കമ്മീഷനു മുന്നില്‍ നേരില്‍ ഹാജരായാണ് ഗണേഷ് കുമാര്‍ മൊഴി നല്‍കിയത്.
സോളാര്‍ കേസില്‍ ഷിബു ബേബി ജോണിന്റെ പേര് ഉയര്‍ന്നു വന്ന ഘട്ടത്തില്‍ കേസില്‍ തന്റെ പേര് വലിച്ചിഴയ്ക്കാന്‍ സരിതയെ പ്രേരിപ്പിച്ചത് കെബി ഗണേഷ് കുമാറാണെന്ന് ഷിബു ബേബി ജോണ്‍ 2016-ല്‍ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനിയുടെ ജീവിതം തകര്‍ത്ത സ്ത്രീകളുടെ കൂട്ടത്തില്‍ ഏറ്റവും ഉയര്‍ന്ന് കേട്ട പേര് സരിതയുടേതാണ്. ഇതിനെതിരെ താന്‍ നടപടിയെടുത്ത നിലപാടാണ് ഗണേഷ് കുമാറിനെ പ്രകോപിപ്പിച്ചത് എന്നായിരുന്നു ഷിബു ബേബി ജോണിന്റെ ആരോപണം.
കേസില്‍ ജസ്റ്റിസ് ശിവരാജന് അധ്യക്ഷനായുള്ള കമ്മീഷന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുള്പ്പെടെയുള്ളവര്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ നല്കിയ റിപ്പോര്‍ട്ട് ബുധനാഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് പുറത്ത് വിട്ടത്. ജനങ്ങളെ കബളിപ്പിക്കുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നുവെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.
കമ്മീഷന് മുന്നോട്ടുവെച്ച പത്തോളം ശുപാര്‍ശകള്‍ എടുത്തുപറഞ്ഞാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വിവരിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും സോളാര്‍ കേസില്‍ പ്രധാന ഉത്തരവാദികളാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസന്വേഷണത്തിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിക്ക് ശുപാര്‍ശയുണ്ട്.
Discussion about this post