ബാഗ്ദാദ്: ഐഎസ് ആക്രമണത്തിനിടെ ഇറാഖില്‍ കാണാതായ 39 ഇന്ത്യക്കാരെ കണ്ടെത്താന്‍ വിദേശകാര്യ സഹമന്ത്രി ജനറല്‍ വി കെ സിങ്ങിന്റെ ഇറാഖ് സന്ദര്‍ശനം ആരംഭിച്ചു. 2014 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരം 39 ഇന്ത്യക്കാരെയാണ് ഇതിനോടകം ഇറാഖില്‍ കാണാതായിട്ടുള്ളത്. ഇവരെക്കുറിച്ചുള്ള സൂചനകള്‍ തേടിയാണ് മന്ത്രിയുടെ പ്രത്യേക സന്ദര്‍ശനം. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെയും വി കെ സിങ് ഇറാഖ് സന്ദര്‍ശനം നടത്തിയിരുന്നു.
എന്നാല്‍ അന്ന് മൊസൂളിലും ബാദുഷിലും ആക്രമണങ്ങള്‍ നടക്കുകയായിരുന്നു. അതിനാല്‍ അവിടേക്ക് പോകാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇക്കുറി പരമാവധി സ്ഥലങ്ങളില്‍ പോകാനും വിവരം ശേഖരിക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് വി കെ സിങ്ങിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും സൈനികമേധാവിയും ഉള്‍പ്പെടെയുള്ള ഇറാഖി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തും. മൊസൂള്‍, ബാദുഷ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
39 ഇന്ത്യക്കാര്‍ ബാദുഷ് ജയിലിലുണ്ടെന്നാണ് ഇറാഖി എന്‍ എസ് എയില്‍ നിന്ന് ലഭിച്ച അവസാന വിവരം. 2016 ലായിരുന്നു ഇത്. അതിനുശേഷം പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇറാഖി സൈന്യം ചില ഐ എസ് ഭീകരെ കസ്റ്റഡിയിലും എടുത്തിരുന്നു. അവരെ ചോദ്യം ചെയ്തതില്‍നിന്നും ചില വിവരങ്ങള്‍ ലഭിച്ചതായി വി കെ സിങ് കൂട്ടിച്ചേര്‍ത്തു.
Discussion about this post