ഹൈദരാബാദ്: യത്തീംഖാനയുടെ മറവില്‍ പാവപ്പെട്ട ഹിന്ദു കുട്ടികളെ മതം മാറ്റാന്‍ ശ്രമിച്ച ഒമ്പതു പേര് അറസ്റ്റിലായി. ഹൈദരാബാദിലെ പീസ് യത്തീംഖാനയുടെ നടത്തിപ്പുകാരെയാണ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തെലങ്കാനയിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ദരിദ്ര കുടംബങ്ങളില്പ്പെട്ട കുട്ടികളെയാണ് ഇവര്‍ യത്തീംഖാനയില്‍ താമസിപ്പിച്ച് മതം മാറ്റാന്‍ ശ്രമിച്ചത്.
പിന്നോക്ക, ഗോത്ര വിഭാഗങ്ങളില്‍പ്പെട്ട ഹിന്ദു കുട്ടികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും വിദ്യാഭ്യാസവും വാഗ്ദാനം ചെയ്താണ് യത്തീംഖാനയില്‍ എത്തിച്ചിരുന്നത്. ഇവരുടെ രക്ഷിതാക്കള്‍ പോലും അറിയാതെയായിരുന്നു മതപരിവര്‍ത്തനം. യത്തീംഖാനയിലെത്തിയ നാലു മുതല്‍ 14 വയസ് വരെ പ്രായമുള്ള 17 ഹിന്ദു കുട്ടികളെയാണ് മുഹമ്മദ് സിദ്ദീഖിയും സംഘവും മുസ്ലീം മതത്തിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. ഇതില്‍ ഏഴുപേര്‍ പെണ്‍കുട്ടികളാണ്.
ഹിന്ദു മതത്തില്‍ നിന്ന് മാറി ഇസ്ലാം മതം സ്വീകരിച്ചവരാണ് പീസ് യത്തീംഖാനയുടെ നടത്തിപ്പുകാര്‍. പോലീസിന്റെ പിടിയിലായ മുഹമ്മദ് സിദ്ദീഖി എന്ന സത്യനാരായണനാണ് പീസ് സൊസൈറ്റിയുടെ സ്ഥാപകനും പ്രധാന നടത്തിപ്പുകാരനും. ഇയാളുടെ നേതൃത്വത്തില്‍ 2004-ലാണ് വാറങ്കല്‍ ആസ്ഥാനമായി പീസ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചത്. സത്യനാരായണന് അടക്കമുള്ള ഒമ്പത് പേരും ഇസ്ലാം മതം സ്വീകരിച്ചെങ്കിലും ഔദ്യോഗിക രേഖകളില്‍ പേരോ ജാതിയോ മതമോ തിരുത്തിയിരുന്നില്ല. സര്‍ക്കാരിന്റെ സംവരണ ആനുകൂല്യം നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടിയാണ് രേഖകള്‍ തിരുത്താതിരുന്നത്. വാറങ്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന പീസ് സൊസൈറ്റി കഴിഞ്ഞ വര്‍ഷമാണ് ഹൈദരാബാദില്‍ യത്തീംഖാന സ്ഥാപിക്കുന്നത്. എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രവേശനം നല്കുന്ന അനാഥ മന്ദിരമെന്ന് കാണിച്ചായിരുന്നു യത്തീംഖാനയുടെ പ്രവര്‍ത്തനം. തെലങ്കാനയിലെ ഭദ്രാചലം, മഹബൂബ നഗര്‍, ഖമ്മം, വാറങ്കല്‍ ജില്ലകളില്‍ നിന്നുള്ള ദരിദ്ര കുടുംബങ്ങളില്‍പ്പെട്ട കുട്ടികളെയാണ് യത്തീംഖാനയില്‍ താമസിപ്പിച്ചിരുന്നത്.
സൗജന്യ താമസം, ഭക്ഷണം, വിദ്യാഭ്യാസം എന്നിവ വാഗ്ദാനം ചെയ്തിരുന്നു. യത്തീംഖാനയുടെ മറവില്‍ കുട്ടികളെ മതം മാറ്റുന്നുവെന്ന് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ക്കാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ പരാതി പോലീസിന് കൈമാറി. ഞായറാഴ്ച രാവിലെയാണ് റച്ചിക്കോണ്ട പോലീസ് അനാഥമന്ദിരത്തില്‍ പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. യത്തീംഖാനയിലെ 17 അന്തേവാസികളെയും പോലീസ് മോചിപ്പിച്ചു. ഇവരെ സര്‍ക്കാര്‍ ബാലമന്ദിരത്തിലേക്ക് മാറ്റി. കസ്റ്റഡിയിലുള്ള പ്രതികളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. പീസ് സൊസൈറ്റിക്ക് വിദേശത്ത് നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ എന്നും പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post