തിരുവനന്തപുരം: സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ കുരുന്നുജീവന് കൊണ്ട് ആംബുലന്‍സ് 762 കിലോമീറ്റര്‍ ഓടിയെത്തിയത് വെറും എട്ടേകാല്‍ മണിക്കൂര്‍ കൊണ്ട്. തിരുവന്തപുരം വെല്ലൂര്‍ റൂട്ടിലാണ് ട്രാഫിക്ക് സിനിമയെ അനുസ്മരിക്കുന്ന നിമിഷങ്ങള്‍ അരങ്ങേറിയത്.
അതീവ ഗുരുതരമായി കഴിയുന്ന രണ്ടേകാല്‍ വയസുകാരി പൗര്ണമിയേയും കൊണ്ടാണ് ആംബുലന്‍സ് വെല്ലൂരിലേക്ക് പാഞ്ഞത്. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമും, കെ.എ.ഡി.ടി.എ എന്ന ആംബുലന്‍സ് ജീവനക്കാരുടെ സംഘടനയും ആണ് കാസര്‍ഗോഡ് സ്വദേശി 60 ദിവസം പ്രായമായ ഫാത്തിമ ലൈബയെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിച്ച ദൗത്യത്തിന് പിന്നാലെ വീണ്ടും കുരുന്നു ജീവനനുവേണ്ടി കൈകോര്‍ത്ത് പ്രവര്‍ത്തിച്ചത്.
റോഡ് നീളെ വഴിയൊരുക്കി കേരളാ പോലീസും തമിഴ്നാട് പോലീസും. സഹായം ആവശ്യപ്പെട്ട് 7.15നാണ് കെ.എ.ഡി.ടി.എ സംസ്ഥാന ഭാരവാഹി ജലീലിന് ഫോണ്‍ സന്ദേശം എത്തുന്നത്. ഉടന്‍ തന്നെ ജലീല്‍ ഇത് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ഭാരവാഹികള്‍ക്ക് കൈമാറി. തുടര്‍ന്ന് സി.പി.ടി അംഗങ്ങള്‍ കേരളാ, തമിഴ്നാട് പോലീസുമായും തമിഴ്നാടുള്ള സി.പി.ടി പ്രവര്‍ത്തകരെയും ബന്ധപ്പെട്ടു. മലയാളത്തിലും തമിഴിലും ഇത് സംബന്ധിച്ചു മെസ്സേജുകളും വോയ്സ് സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒഴുകി. സി.പി.ടി മിഷന് വെല്ലൂര്‍ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് വഴി തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ചൊവ്വാഴ്ച്ച രാത്രി 7.50ഓടെയാണ് തിരുവനന്തപുരം ആര്.സി.സി.യില്‍ നിന്ന് നെയ്യാറ്റിന്‍കര സദേശികളായ രതീഷ് രജനി ദമ്പതികളുടെ രണ്ടേകാല്‍ വയസുകാരി മകള്‍ പൗര്‍ണമിയുമായി ആംബുലന്‍സ് കുതിച്ചത്. ഒപ്പം പൈലറ്റായി കേരളാ പോലീസ് വാഹനവും. ഗതാഗത കുരുക്ക് ഏറെയുണ്ടായിരുന്ന ബാലരാമപുരം, നെയ്യാറ്റിന്‍കര മേഖലകളില്‍ ചൈല്‍ഡ് പ്രൊട്ടക്ട് ടീം, കെ.ആര്.എം.യു പ്രവര്‍ത്തകരും, പോലീസും നിമിഷ നേരംകൊണ്ടു ആംബുലന്‍സിനു വഴിയൊരുക്കി.
45 മിനിറ്റ് കൊണ്ട് ആ ജീവന്‍രക്ഷാ വാഹനം തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. അതിര്‍ത്തിക്കപ്പുറത്ത് തമിഴ്നാട് പോലീസ് ദൗത്യത്തിന് സഹായഹസ്തം നീട്ടി. ഇടവിടാതെ തമിഴ്നാട് പോലീസും ആംബുലന്‍സിനു എസ്കോര്‍ട്ട് നല്കി. കൃത്യം രാവിലെ 6 മണിയോടെ ആംബുലന്‍സ് എട്ടു മണിക്കൂര്‍ 20 മിനിറ്റ് കൊണ്ട് വെല്ലൂര്‍ സി.എം.സി ആശുപത്രിയില്‍ എത്തി.
ആരോഗ്യ നില തീരെ മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആര്.സി.സി.യില്‍ നിന്ന് വെല്ലൂരിലേക്ക് അയക്കുകയായിരുന്നു. പത്തു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ എത്തിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. മജ്ജ മാറ്റിവെച്ചാല്‍ മാത്രമേ കുഞ്ഞിന്റെ ജീവന് നിലനിറുത്താന്‍ ആകുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തിരുവനന്തപുരം എസ്.വൈ.എസ് സാന്ത്വനം ആംബുലന്‍സിന്റെ ഡ്രൈവര്‍ നേമം സ്വദേശിയായ അന്‍ഷാദ്, അബ്ദുല്‍ ഖയ്യ എന്നിവരുടെ സംഘമാണ് കുഞ്ഞുജീവനും കൊണ്ടു പാഞ്ഞത്.
Discussion about this post