ആലപ്പുഴ: സിപിഎം ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്ക് അരവണ പ്രസാദം വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. സിപിഎം കഴിഞ്ഞ ദിവസമാണ് മാവേലിക്കര ഏരിയാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ക്കാണ് അരവണയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഡയറിയും നല്‍കിയത്. സാമൂഹ്യമാധ്യമങ്ങളിലടക്കം സംഭവം ചര്‍ച്ച ആയതോടെ വിതരണം നടത്തിയ ദേവസ്വം ബോര്‍ഡ് അംഗവും, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.രാഘവന് വിശദീകരണവുമായി രംഗത്തെത്തി.
ശബരിമലയിലെ അരവണ പായസമല്ലെന്നും, കമ്മ്യൂണിസ്റ്റുകാര്‍ പ്രസാദം കഴിച്ചാല്‍ എന്താണ് തെറ്റെന്ന ചോദ്യം ഉയര്‍ത്തിയുമായിരുന്നു വിശദീകരണം. തൊഴിലാളികളുടെ പാര്‍ട്ടിക്കാര്‍ക്ക് അരവണ കഴിച്ചാല്‍ ആര്‍ക്കാണ് പ്രശ്നം. തങ്ങള്‍ അമ്പലത്തില്‍ പോകും, പ്രസാദം വാങ്ങും, പൂജയും നടത്തും അതില്‍ ആര്‍ക്കാണ് പ്രശ്നമെന്നും രാഘവന് ചോദ്യം ഉയര്‍ത്തുന്നു.
13,000 രൂപ നല്കി പന്തളത്തു നിന്നുമാണ് അരവണ എത്തിച്ചതെന്ന് കെ.രാഘവന് വാദിക്കുന്നു. താന്‍ പണം നല്കി വാങ്ങിയ അരവണ ഏരിയാ സമ്മേളനത്തില്‍ വിതരണം ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും രാഘവന് പറയുന്നു.
അതേസമയം സംഭവം വിവാദമായെങ്കിലും വിഷയം ഗൗരവമായി കാണേണ്ടതില്ലെന്ന നിലപാടിലാണ് പാര്‍ട്ടി ജില്ലാ നേതൃത്വം.
Discussion about this post