കണ്ണൂര്‍: രാഷ്ട്രീയ എതിരാളികളെ മാരകമായി മുറിവേല്പിച്ച് കൊലപ്പെടുത്താന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സര്‍ജിക്കല്‍ ബ്ലേഡ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പോലിസ്. അഴീക്കോട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകനെ കുത്താന്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലേഡ് ആണെന്ന് പൊലീസ് കണ്ടെത്തി. രാഷ്ട്രീയ വിവാദങ്ങളൊഴിവാക്കാന്‍, എതിരാളിയെ കൊലപ്പെടുത്താതെ മാരകമായി പരിക്കേല്പ്പിക്കുന്ന സംഭവങ്ങളും പതിവാവുകയാണ്.
കണ്ണൂര്‍ ജില്ലയിലും മറ്റും നടത്തിയ ആക്രമണങ്ങളില്‍ പ്രതിയോഗികളുടെ വയര്‍ സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കീറിയതായി പോലിസ് പറയുന്നു. പത്ത് രൂപയോളം മാത്രം വിലയുള്ള ഇത്തരം ബ്ലേഡ് ഉപയോഗിക്കാന്‍ പ്രത്യേക പരിശീലനം സംഘടന പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നുണ്ടെന്നും പോലിസ് വൃത്തങ്ങള്‍ സംശയിക്കുന്നു. ബൈക്കിലെത്തി വടിവാള്‍ കൊണ്ട് വെട്ടിവീഴ്ത്തി വയറിന് താഴെ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് വരയുകയാണ് ചെയ്യുന്നത്. എതിരാളികളെ പിന്നീട് അവശനിലയില്‍ നിന്ന് അതിജീവിക്കാത്ത വിധം പരിക്കേല്പിക്കുകയാണ് ലക്ഷ്യമെന്നാണ് നിഗമനം.
അഴീക്കോട് സിപിഎം പ്രവര്ത്തകന് നേരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ഉപയോഗിച്ചത് സര്‍ജിക്കല്‍ ബ്ലയിഡെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മറ്റ് മുറിവുകള്‍ സാരമുള്ളതല്ലെങ്കിലും സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെയും സമാനമായ ആക്രമണം എസ്ഡിപിഐ നടത്തിയിട്ടുണ്ടെന്ന് പോലിസ് പറയുന്നു.പത്ത് മാസം മുന്‍പ് തളാപ്പില്‍ വെച്ച് സുശീല്‍കുമാറിന് കമ്പികളും വാളുമുപയോഗിച്ച് ദേഹമാസകലം 23 വെട്ടുകളേറ്റു. പക്ഷെ വയറില്‍ സര്‍ജിക്കല്‍ ബ്ലേഡ് വെച്ച് നെടുനീളത്തില്‍ വരുത്തിയ ഒറ്റക്കീറലിന് മുന്നിലാണ് ഡോക്ടര്‍മാരും, വയറുപിളര്‍ന്ന് സുശീല്കുമാറും വലഞ്ഞുപോയത്. കുടല് പുറത്തുവന്ന അവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മുറിവ് തുന്നിയെങ്കിലും പിന്നീട് വീണ്ടും ഇത് തുറന്നുവരികയായിരുന്നുവെന്ന് സുശീല്‍ കുമാര്‍ പറയുന്നു. എസ്.ഡി.പി.ഐ പ്രവര്‍ത്തകരായിരുന്നു അന്ന് ആര്.എസ്.എസ് പ്രവര്‍ത്തകനായ സുശീല്‍കുമാറിനെ ആക്രമിച്ചത്. അഴീക്കോട് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളില്‍ സര്‍ജിക്കല്‍ ബ്ലേഡ് കൊണ്ട് കുത്തേറ്റ സി.പി.എം പ്രവര്ത്തകന് കുടലിന് മാരകമായി പരിക്കേറ്റ് ചികിത്സയിലാണ്. ഇതിനും പിടിയിലായത് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ്.
യാതൊരു നിയന്ത്രണങ്ങളുമില്ലാതെയാണ് സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില്‍പ്പനയും നടക്കുന്നത്. കുറിപ്പടിപോലും ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് കിട്ടും. പയ്യന്നൂര്‍ ബിജു വധത്തിന് ശേഷമുണ്ടായ വലിയ വിവാദങ്ങളോടെ കൊലപാകങ്ങളില്ലാതായെങ്കിലും ഇത്തരത്തില്‍ മാരകമായി മുറിവേല്‍പ്പിക്കുന്ന അക്രമങ്ങള്‍ പതിവാവുകയാണ്. തലശേരിയിലെ സി.പി.എം പ്രവര്ത്തകന് ശ്രീജന് ബാബു മുതല്‍ പാനൂരിലും കൂത്തുപറമ്പിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ചുരുക്കത്തില്‍ കൊലപാതകങ്ങളോളം ചര്‍ച്ചയാകേണ്ടതുണ്ട് മാരകമായ ഈ മുറിവേല്പ്പിക്കലുകളും.
മുറിവുണങ്ങാന്‍ വേണ്ടി കൂടുതല്‍ സമയം എടുക്കും എന്നതും എളുപ്പത്തില്‍ ഉപയോഗിക്കാനും കൊണ്ടും നടക്കാനും ഉപേക്ഷിക്കാനും മറ്റും സാധിക്കുന്നു എന്നതാണ് അക്രമികള്‍ ആക്രമണത്തിന് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിക്കാന്‍ കാരണമെന്ന് പോലീസ് പറയുന്നു. ബ്ലേഡ് പുറത്ത് നിന്ന് എളുപ്പത്തില്‍ വാങ്ങാന്‍ കഴിയുമെന്നതും അക്രമികള്‍ക്ക് സഹായകരമാണ്.
Discussion about this post