തിരുവനന്തപുരം: ഐ.എസ്.ആര്.ഒ.യുടെ പുതിയ ചെയര്‍മാനായി തിരുവനന്തപുരം വി. എസ്.എസ്.സി.ഡയറക്ടറും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ.കെ.ശിവനെ നിയമിച്ചു. ചെയര്മാന് എ.എസ്. കിരണ്‍ കുമാറിന്റെ കാലാവധി ജനുവരി 14-ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിസഭയുടെ അപ്പോയ്മെന്റ്സ് കമ്മിറ്റി ശുപാര്‍ശ പ്രകാരം ഡോ.ശിവനെ നിയമിച്ചത്. മൂന്ന് വര്‍ഷമാണ് കാലാവധി. കേന്ദ്ര ബഹിരാകാശ ശാസ്ത്ര വകുപ്പ് സെക്രട്ടറി, സ്പെയ്സ് കമ്മിഷന് ചെയര്മാന്, പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് തുടങ്ങിയ പദവികളും അദ്ദേഹം ഇതോടൊപ്പം വഹിക്കും.
നാഗര്‍കോവിലിനടുത്ത് ശര്ക്കരവിള സ്വദേശിയായ ഡോ.ശിവന് തിരുവനന്തപുരം കരമനയ്ക്കടുത്ത് തളിയല്‍ ഹരിശ്രീ റസിഡന്‍സ് കോളനിയിലാണ് താമസിക്കുന്നത്. മദ്രാസ് ഐ. ഐ.ടി, ബാംഗഌര് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഡോ.കെ. ശിവന് 1982 ലാണ് ഐ.എസ്.ആര്.ഒയില്‍ എത്തുന്നത്. മുംബൈ ഐ. ഐ.ടി.യില്‍ നിന്ന് എയ്റോസ്പെയ്സ് ടെക്നോളജിയില്‍ പി.എച്ച്. ഡിയും നേടി. മാലതിയാണ് ഭാര്യ. എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളായ സുശാന്ത്, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്.
Discussion about this post