ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന് പിന്നാലെ ഉലകനായകന്‍ കമലഹാസനും തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഫെബ്രുവരി 21ന് ചെന്നൈയില്‍ പാര്‍ട്ടിയുടെ പേര് കമലഹാസന്‍ പ്രഖ്യാപിക്കും. തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് സംസ്ഥാന വ്യാപകമായ ജാഥയും അന്ന് തന്നെ ആരംഭിക്കുമെന്നും കമല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചടങ്ങില്‍വെച്ച് പാര്‍ട്ടിയുടെ നയ പരിപാടികള്‍ പ്രഖ്യാപിക്കുമെന്നും ഏറെക്കാലമായി തമിഴ്‌നാടിന്റെ രാഷ്ട്രീയത്തെ ചൂഴ്ന്നുനില്‍ക്കുന്ന അപകടങ്ങളെ ഇല്ലായ്മചെയ്യുക എന്നതായിരിക്കും പാര്‍ട്ടിയുടെ ലക്ഷ്യമെന്നും കമല്‍ ഹാസന്‍ പ്രസ്താവനയില്‍ പറഞ്ഞു. തന്റെ ആശയങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കേണ്ടതുണ്ട്. അതിനായാണ് സംസ്ഥാന വ്യാപകമായി യാത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ ആശങ്കകളെയും ആവശ്യങ്ങളെയും പ്രതീക്ഷകളെയും അടുത്തറിയാന്‍ യാത്രയില്‍ ശ്രമിക്കും. ജനങ്ങളില്‍ കലഹമുണ്ടാക്കാനോ താരപ്രഭാവം കാട്ടുന്നതിനോ വേണ്ടിയല്ല യാത്ര നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജന്മനാടായ രാമനാഥപുരത്തുനിന്ന് ആരംഭിക്കുന്ന യാത്ര മധുര, ഡണ്ടിഗല്‍, ശിവഗംഗ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോകും. വിവിധ ഘട്ടങ്ങളായാണ് യാത്ര പൂര്‍ണമാകുക.
Discussion about this post