ആമി’യില്‍ നിന്ന് വിദ്യാബാലനും, പൃഥ്വിരാജും പിന്മാറിയത് ആര്‍എസ്എസിനെ പേടിച്ച് ആണെന്ന് വിശ്വസിക്കുന്നില്ലന്ന് ചിത്രത്തിലെ നായകന് ടൊവീനോ തോമസ്. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്ക്കറിയാംമെന്ന് ദേശാഭിമാനി വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ടൊവിനോ പറയുന്നു. പൃഥ്വിരാജ് ആര്‍എസ്എസിനെ ഭയന്നാണ് ആമിയില്‍ നിന്ന് പിന്മാറിയതെന്നും പകരക്കാരനായാണ് ടൊവീനോ വന്നതെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും ‘ചെയ്തോട്ടേ’ എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. മാത്രമല്ല 2015ല്‍ മൊയ്തീന് കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്.ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില് പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.പുറത്തുള്ളവര്‍ക്കതെത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും. ഞാനിത് ചെയ്തോട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ പുള്ളി എനിക്കയച്ച മെസേജ് ‘പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്’ എന്നാണ്.
അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റുമെന്നും അദേഹം ചോദിക്കുന്നു.അതുകൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് മനസ്സുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെയാളുകളുള്ളതുകൊണ്ടാണല്ലോ അവര്‍ എഴുതുന്നത്.അവരുടെ സംസ്കാരം അവര്‍ കാണിക്കുന്നു. വേറെ ചിലരുണ്ട് ‘ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം’ എന്നു പറയുന്നതുപോലെയെന്നും ടൊവിനോ പറയുന്നു.
. ഞാന്‍ ഈ സിനിമയില്‍ വന്നതിനുശേഷമാണ് കമല്‍ സാര്‍ മുസ്ളിമാണ് എന്ന് ഞാനറിഞ്ഞത്. അദ്ദേഹത്തിന്റെ മുഴുവന്‍ പേര് കമാലുദ്ദീന് ആണെന്നും. പല രാജ്യക്കാരും മതക്കാരും ഭാഷക്കാരുമായ ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്. ഇവര്‍ക്കൊക്കെ ഏതെങ്കിലും തരത്തിലുള്ള വ്യത്യാസം എനിക്ക് തോന്നിയിട്ടില്ല. നമ്മള് സ്കൂളില്‍ പഠിക്കുമ്പോള്‍ അടുത്തിരിക്കുന്നവര്‍ ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്ളിമാണോ എന്നൊന്നും ചിന്തിച്ചിട്ടില്ലല്ലോ. തെറ്റിദ്ധരിക്കപ്പെട്ടിട്ടില്ലാത്ത തലമുറയില്‍പ്പെട്ട ആളായി സ്വയം കാണാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ആരെങ്കിലും മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ടൊവിനൊ പറയുന്നു.
Discussion about this post