തിരുവനന്തപുരം: രാജ്യത്ത് ആരോഗ്യമേഖലയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയത് കേരളമാണെന്ന നീതി ആയോഗിന്റെ റിപ്പോര്‍ട്ട് സ്വന്തം നേട്ടമായി അവതരിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ പ്രസ്താവനക്കെതിരെ പ്രതിപക്, നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇടതു മുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ പ്രസ്താവന. ഇത് വസ്തുതാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
2014 15 വര്‍ഷത്തെ അടിസ്ഥാന വര്‍ഷമായി എടുത്ത് ആണ് നീതി ആയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആ കാലയളവില്‍ സംസ്ഥാനം ഭരിച്ചിരുന്നത് ഇടത് സര്‍ക്കാരല്ല, യു.ഡി.എഫ് സര്‍ക്കാരാണെന്നും ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
യു.ഡി.എഫ് സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടമാണ് നീതി ആയോഗ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകബാങ്ക് എന്നിവയുടെ സഹകരണത്തോടെ നീതി ആയോഗ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാരിനുള്ള അംഗീകാരമാണ്. ഇത് ഇടതു സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് ആരാന്റെ കുഞ്ഞിനെ തട്ടിയെടുക്കാനാണ് ആരോഗ്യ മന്ത്രി ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ ആരോഗ്യ പരിപാലന രംഗത്ത് തികഞ്ഞ പരാജയമാണെന്ന് എല്ലാവര്ക്കും അറിയാം. ആയിരത്തോളം പേരാണ് പകര്‍ച്ചപ്പനി ബാധിച്ച് കഴിഞ്ഞ വര്‍ഷം മരിച്ചത്. പനി നിയന്ത്രിക്കുന്നതിന് ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ആരോഗ്യ രംഗത്തെ മറ്റു പ്രവര്‍ത്തനങ്ങളിലും സംസ്ഥാനം പിന്നോട്ട് പോയി. എന്നിട്ടും യു.ഡി.എഫ് കാലത്തെ നേട്ടം തങ്ങളുടേതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം അപഹാസ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post