ഡല്‍ഹി: ഇറാന് പ്രസിഡണ്ടിന്റെ ഇന്ത്യ സന്ദര്‍ശനം അയല്‍ രാജ്യമായ ചൈനയ്ക്കും പാക്കിസ്ഥാനും സൃഷ്ടിച്ച അസ്വസ്ഥതകള്‍ ഏറെയാണ്. ഇന്ത്യയെ പ്രതിരോധത്തിലാക്കുന്ന ചരക്കു നീക്കം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഇറാനുമായി ഇന്ത്യ കൈകോര്‍ക്കുന്നതോടെ ചൈനയ്ക്ക് കാഴ്ചക്കാരായി നോക്കി നില്‍ക്കേണ്ടി വരും. ചബാഹര് തുറമുഖ വികസനം സംബന്ധിച്ച കരാറാണ് ഇതില്‍ നിര്‍ണായകം പാകിസ്ഥാന്റെ സഹായത്തോടെ പശ്ചിമേഷ്യന്‍ കടലില്‍ ചൈന നടത്തുന്ന ഇടപെടലുകളെ ചെറുക്കാനുള്ള വഴികളാണ് ഇറാനിലെ ചബാഹര് തുറമുഖം ഇന്ത്യയ്ക്ക് തുറന്നു നല്‍കുക.
ഇറാന് പ്രസിഡന്റ് ഹസന് റൗഹാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഇന്നലെ ഒപ്പിട്ട ഒന്‍പത് കരാറുകളിലൊന്ന് ചബാഹറിലെ ഷഹീദ് ബെഹെസ്തി തുറമുഖ വികസനത്തിനുള്ള പാട്ടക്കരാറാണ്.അമേരിക്കന്‍ ഉപരോധത്തില്‍ മുടങ്ങിയ 8.5 കോടി ഡോളര്‍ ചെലവുള്ള തുറമുഖ വികസനം ഇന്ത്യ ഏറ്റെടുത്തത് ഇറാന് ആശ്വാസമാണ്. ചബാഹറിലെ രണ്ട് തുറമുഖങ്ങളില്‍ ഷഹീദ് ബെഹസ്തിയുടെ ആദ്യഘട്ട വികസനത്തിനായി 18 മാസത്തേക്കുള്ള പാട്ടക്കരാറാണ് ഒപ്പിട്ടത്. ഇന്ത്യയ്ക്ക് പുറമെ അഫ്ഗാനിസ്ഥാനും ഏറെ ആശ്വകരമാണ് ചബാഹര് തുറമുഖ വികസനം.
തുറമുഖം ഇന്ത്യയ്ക്ക് ഗുണകരമാകുന്നത് ഇങ്ങനെയാണ്-ചബാഹറിലൂടെ ഇന്ത്യയ്ക്ക് പാകിസ്ഥാനെ ആശ്രയിക്കാതെ ഇറാനില്‍ നിന്ന് പെട്രോളിയവും ഗോതമ്പും മറ്റു ചരക്കുകളും എത്തിക്കാം. ചൈനയുടെ ആധിപത്യത്തിലുള്ള പാകിസ്ഥാനിലെ ഗ്വാധാര്‍ തുറമുഖം വഴിയല്ലാതെ അഫ്ഗാനിസ്ഥാനിലേക്ക് ചരക്കു കൊണ്ടുപോകാം. പാക്കിസ്ഥാന് വിചാരിച്ചാല്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാകുന്ന അഫ്ഗാനിസ്ഥാന് തുറമുഖം വഴി ചരക്കു നീക്കം സുഗമമാക്കാം. തുറുങ്കിലടക്കപ്പെട്ട അഫ്ഗാനിസ്ഥാന് ചബാഹര് ഒരു സുവര്‍ണ കവാടം തുറന്നുവെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.
താജിക്കിസ്ഥാനില്‍ ഇന്ത്യന്‍ വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ഫാര്ക്കോര് എയര്‍ബേസിലേക്കും ചബാഹര് വഴി എത്താമെന്നത് പ്രതിരോധവിഭാഗത്തിനും ഗുണകരമാകും.തുര്‍ക്ക്മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്, കിര്‍ഗിസ്ഥാന്‍ എന്നിവയടക്കം മദ്ധ്യ ഏഷ്യയിലേക്കുള്ള ഇന്ത്യന്‍ ചരക്കുകള്‍ 50ശതമാനം ചെലവു കുറച്ച് എത്തിക്കാനും വഴി തെളിയുന്നു. അമേരിക്ക ഉള്‍പ്പടെയുള്ല രാജ്യങ്ങള്‍ ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടയിലും സ്വന്തം നിലപാടുമായി മുന്നോട്ടു പോകാന്‍ ഇന്ത്യയ്ക്ക് കഴിയുന്നുവെന്നതും പ്രധാനമാണ്. സാമ്പത്തീക ഉപരോധം നേരിടുന്ന ഇറാന് ഇന്ത്യ നല്കിയ സഹായം അവിസ്മരണീയമാണ്. ഇത് നയതന്ത്രതലത്തില്‍ ഇന്ത്യയ്ക്ക് വലിയ നേട്ടമാകും
Discussion about this post