സഞ്ജയന്
വരാനിരിക്കുന്ന നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് ചൊവ്വാഴ്ച പുറത്തുവന്ന പശ്ചിമ ബംഗാളിലെ കോര്പ്പറേഷന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പുഫലം. കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ 80 ശതമാനം സീറ്റും 91 മുനിസിപ്പാലിറ്റികളില്‍ 80 ശതമാനവും തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്കു പിടിച്ചു. ഇടതുപക്ഷത്തെയും ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും ഒരേ പോലെ നിഷ്പ്രഭമാക്കികൊണ്ടുള്ള ഫലം മമത ബാനര്‍ജിയ്ക്ക് ആത്മവിശ്വാസം പകരുന്നതായി.
ഏറെകുറെ തൃണമൂലിന് സാധ്യത കല്പിച്ചിരുന്ന തെരഞ്ഞെടുപ്പായിരുന്നു എങ്കിലും ബിജെപി ഇതിനേക്കാള്‍ കൂടുതല്‍ മുന്നേറ്റം പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തം. പ്രത്യേകിച്ചു കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷനിലെങ്കിലും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഒറ്റയ്ക്കുനിന്നു രണ്ടു സീറ്റ് നേടിയതും കേന്ദ്രത്തില്‍ ഒറ്റയ്ക്ക് അധികാരത്തില്‍ വന്നതും ബംഗാളിലും ആ പാര്‍ട്ടിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിനു വഴിയൊരുങ്ങിയെന്ന് കരുതിയവരുണ്ട്. എന്നാല്‍ മമതയെ തളയ്ക്കാന്‍ ബിജെപി ഇനിയും ഏറെ മുന്നോട്ട് പോകേണ്ടിവരുമെന്ന് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു.
ബിജെപി നേട്ടമുണ്ടാക്കുമെന്ന് കരുതിയിരുന്ന കൊല്‍ക്കത്താ നഗരത്തില്‍ പതിറ്റാണ്ടുകളായി ബി.ജെ.പി. ജയിച്ചിരുന്ന ചില സീറ്റുകള്‍ നിലനിര്‍ത്തിയതിനു പുറമേ ലഭിച്ചത് പത്തില്‍ താഴെ സീറ്റുകള്‍ മാത്രം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കത്താ നഗരത്തില്‍ 36 സീറ്റില്‍ മുന്‍തൂക്കമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇത് നിലനിര്‍ത്താന്‍ ആയില്ല. വോട്ടിംഗ് ശതമാനത്തിലും കുറവുണ്ടായി. ലോകസഭ തെരഞ്ഞെടുപ്പ് സാഹചര്യമല്ല തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്ന വാദം പ്രസക്തമാണ്. എന്നാലും ബിജെപിയില്‍ നിന്ന് ഇതിലും കൂടുതല്‍ കേന്ദ്രനേതൃത്വം പ്രതീക്ഷിച്ചിരുന്നുവെന്ന് വ്യക്തം.
ബംഗാള്‍ പിടിക്കുമെന്ന അമിതാഷായുടെ കൊല്‍ക്കത്തയിലെ യുദ്ധപ്രഖ്യാപനം കണ്ട് കയ്യടിച്ചവര്‍ നിരാശയിലായി എന്ന് ചുരുക്കം.
ഇടത് പക്ഷം മുന്പത്തേക്കാള് പിറകില്‍ പോയതും, കോണ്‍ഗ്രസ് തലയുയര്ത്താത്തതും ബിജെപിയ്ക്ക് ആശ്വാസമായെങ്കിലും, നിയമസഭയില്‍ അംഗബലം കൂട്ടാന്‍ ബിജെപി ഇനിയും ഗൃഹപാഠം ചെയ്യേണ്ടി വരുമെന്ന് തെളിയിച്ചു മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം.
ബിജെപി സംസ്ഥാനഘടകത്തില്‍ വേണ്ടത്ര ഐക്യമില്ലാത്തതാണ് ബിജെപി വന്‍ മുന്നേറ്റം നടത്തുന്നതിന് തടസ്സമായതെന്ന് വ്യക്തം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും കൂട്ടായി പ്രവര്‍ത്തിക്കാനും ആവേശം സൃഷ്ടിക്കാനും ബംഗാള്‍ ഘടകത്തിന് കഴിഞ്ഞില്ല.
പാര്‍ട്ടി ശക്തിപ്പെടുത്താനും, നിയമസഭയില്‍ സാന്നിധ്യം ശക്തമാക്കാനും ബിജെപി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളില്‍ പ്രധാന പരിഗണനയില്‍ ഉള്ളത് ബംഗാളും കേരളവുമാണ്. കേരളത്തില്‍ മാസങ്ങള്‍ക്ക് ശേഷം തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരുന്നു. പിറകെ നിയമസഭ തെരഞ്ഞെടുപ്പും..ബംഗാളില്‍ നിന്ന് കേരളത്തിന് ഏറെ പഠിക്കാനുണ്ട് എന്ന്ചുരുക്കം.
സംസ്ഥാന നേതൃത്വത്തിലുള്ള അസ്വാരസ്യവും, ജനങ്ങള്‍ക്ക് നേതൃത്വത്തിലുള്ള അവിശ്വാസവുമാണ് ബിജെപി കേരളത്തില്‍ നേരിടുന്ന പ്രധാനപ്രശ്നം. ഒരു പക്ഷേ ബംഗാളിലേതിനേക്കാള്‍ ഗുരുതരമായ വിഭാഗീയതയാണ് ബിജെപി കേരള ഘടകത്തിലുള്ളത്. അമിത് ഷാ നേരിട്ട് ഇടപെട്ടിട്ടും ശാന്തമാവാത്ത ഭിന്നതയുമായാണ് കേരളാഘടകം പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ബംഗാളിന്റെ അവസ്ഥ തന്നെയാവും കേരളത്തില്‍ നേരിടുക.
ബംഗാളില്‍ ബിജെപി വിചാരിച്ച നേട്ടം കൈവരിക്കുന്നതിന് തടസ്സമായ ഘടക ഏതൊക്കെയെന്ന് കേരള നേതാക്കള്‍ പഠിക്കുന്നത് നന്നാവും. കേരളത്തിന് സമാനമാണ് ബംഗാളിലെ രാഷ്ട്രീയ കാലാവസ്ഥയും എന്ന് കൂടി വരുമ്പോള്‍ അത് ഏറെ നിര്‍ണായകമാവുകയും ചെയ്യും.
Discussion about this post