കാഠ്മണ്ഡു: ഭൂകമ്പത്തിനിരയായ നേപ്പാളിനെ പ്രതീക്ഷ പകര്‍ന്ന ഇന്ത്യന്‍ സുരക്ഷ സേനയുടെ രക്ഷാപ്രവര്‍ത്തനം ഏറെ പ്രശംസിക്കപ്പെടുമ്പോഴും ഇന്ത്യയ്ക്ക് നാണക്കേടായി ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിംഗ് രീതി. ഒട്ടും പക്വതയില്ലാതെയാണ് ദുരന്ത ഭൂമിയില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നതെന്നും രക്ഷാപ്രവര്‍ത്തനത്തിന് തന്നെ മാധ്യമങ്ങള്‍ തടസമാവുകയാണെന്നും സോഷ്യല്‍മീഡിയയില്‍ പ്രതികരണങ്ങളും സജീവമായി. #GoHomeIndianMedia എന്ന ഹാഷ് ടാഗില്‍ ആയിരക്കണക്കിനു സന്ദേശങ്ങളാണ് നേപ്പാളിലും മറ്റും പ്രവഹിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് പരിപാടിയായി ചില മാധ്യമങ്ങള്‍ നേപ്പാള്‍ രക്ഷാപ്രവര്‍ത്തനത്തെ മാറ്റിയെന്നാണ് പ്രധാന ആരോപണം. തതസ്മയ റിപ്പോര്‍ട്ടിംഗിലൂടെ ചിലര്‍ രക്ഷാപ്രവര്‍ത്തനത്തിന് തന്നെ വിലങ്ങുതടിയാകുന്നുവെന്നും ചിലര്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അല്‍ജസീറ പോലുള്ള മാധ്യമങ്ങളുടെ പക്വതയാര്‍ന്ന ഭൂകമ്പ റിപ്പോര്‍ട്ടിംഗ് കണ്ടുപഠിക്കാനുള്ള നിര്‍ദേശങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
ഇതില്‍ 125000 ഓളം ട്വീറ്റുകള്‍ ഇന്ത്യയില്‍ നിന്നുള്ളതാണ്.
ചില മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാരിന്റെ നേട്ടമായി രക്ഷാപ്രവര്‍ത്തനത്തെ ചിത്രീകരിക്കുന്നതായും ഇതു നേപ്പാളികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണെന്നും മുതിര്‍ന്ന നേപ്പാളി മാധ്യമപ്രവര്‍ത്തകനായ കുന്ദ ദീക്ഷിത് പറയുന്നു. ഇന്ത്യന്‍ രക്ഷാപ്രവര്‍ത്തകരുടെയും ഇന്ത്യന്‍ സേനയുടെയും നേട്ടങ്ങള്‍ മാത്രമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അവഗണിയ്ക്കുകയാണ്. രക്ഷപ്പെട്ടുവരുന്നവരെ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മാധ്യമങ്ങള്‍ നടത്തുന്ന വിചാരണ നടത്തുകയാണ്.
നേപ്പാള്‍ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നും ഇന്ത്യയുടെ ഉപഗ്രഹ രാഷ്ട്രമല്ല. ധരാഹര ടവര്‍ തകര്‍ന്നതോടെ നേപ്പാളിന്റെ സ്വാതന്ത്ര്യം കൈമോശം വന്നില്ലെന്ന് ഇന്ത്യ മനസിലാക്കണമെന്നും ട്വീറ്റുകളുണ്ട്. ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പരിശീലനം ആവശ്യമുണ്ടെന്ന് സുനിത ശൗഖ്യ ബ്ലോഗില്‍ പ്രതികരിച്ചു. ആശ്വാസ പ്രവര്‍ത്തകര്‍ക്കും മുമ്പേ ചിലയിടങ്ങളില്‍ തങ്ങള്‍ എത്തിയതായി ചില മാധ്യമങ്ങള്‍ അവകാശപ്പെട്ടു. എന്തുകൊണ്ട് ഒരു ദുരന്തദേശത്ത് എത്തുമ്പോള്‍ ഇത്തരം അവസരങ്ങളില്‍ കുറച്ച് ഫസ്റ്റ് എയ്ഡ് കിറ്റുകളോ ആശ്വാസ വസ്തുക്കളോ മാധ്യമപ്രവര്‍ത്തകര്‍ക്കു കരുതിക്കൂടായെന്നും സുനിത ചോദിക്കുന്നു.
അതേസമയം ഇന്ത്യ നേപ്പാളില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനങ്ങളെ കുറിച്ച് ആരും പരാതി പറയുന്നില്ല. മികച്ച സേവനമാണ് ഇന്ത്യ സംഘം നടത്തുന്നതെന്നാണ് തദ്ദേശവാസികള്‍ ഉള്‍പ്പടെയുള്ളവരുടെ പ്രതികരണം. എന്നാല്‍ ഇത്തരം രക്ഷാപ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ രീതി ശരിയല്ലെന്നാണ് സോഷ്ല്‍ മീഡികളിലെ പ്രതികരണങ്ങള്‍ വിമര്‍ശിക്കുന്നത്. രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന റിപ്പോര്‍ട്ടിംഗില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ വിട്ടു നില്‍ക്കണമെന്ന ഇന്ത്യയിലും ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്.
Discussion about this post