ഇന്ത്യയുടെ ‘ കോപ്ടര്‍ സമ്മാനം’ തിരിച്ചയച്ച മാലദ്വീപിന് വിമാനം വേണമെന്ന് പുതിയ ആവശ്യം. മാലിദ്വീപിന്റെ ആവശ്യത്തിന് ഇന്ത്യ പരസ്യമായി സമ്മതം പറയുമെങ്കിലും മാലദ്വീപുമായുള്ള രാജ്യത്തിന്റെ ബന്ധം അത്ര സുഖകരമായല്ല മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ നിന്നും ഡോര്‍നിയര്‍ നിരീക്ഷക വിമാനം വേണമെന്ന മാലി ദ്വീപിന്റെ ആവശ്യത്തെ ഒരു വിടുവായത്തരമായി ഇന്ത്യ വിശേഷിപ്പിക്കാന്‍ കാരണമുണ്ട്. രണ്ട് വര്‍ഷം മുന്‍പ് 2016 ല്‍ ഇന്ത്യ മാലദ്വീപിന് ഡോര്‍നിയര്‍ വിമാനം നല്‍കാമെന്ന് സമ്മതിച്ചിരുന്നെങ്കിലും അവര്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. 2016ലെ ഇന്ത്യയുടെ ആ വാഗ്ദാനത്തിന് മറുപടി നല്കുന്നതിനു പകരം പുതിയ ആവശ്യമായി അവതരിപ്പിക്കുന്നതിന് പിന്നില്‍ വേറെ ചില ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്്. ഇന്ത്യ മാലദ്വീപിന് സമ്മാനിച്ച നാവിക ഹെലികോപ്റ്ററുകളെ മടക്കുന്നതിനുള്ള തന്ത്രമാണിതെന്നാണ് സൂചന.
രണ്ട് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളാണ് മാലദ്വീപിന് ഇന്ത്യ നല്‍കിയിരുന്നത്. ഈ ഹെലികോപ്റ്ററുകളുടെ എല്ഒഇ (ലെറ്റര്‍ ഓഫ് എഗ്രിമെന്റ്) പുതുക്കാന്‍ മാലദ്വീപ് വിസമ്മതിച്ചിരുന്നു. ഹെലികോപ്റ്ററുകള്‍ക്ക് പകരം ഡോര്‍നിയര്‍ വിമാനങ്ങളാണ് ഇന്ത്യയില്‍ നിന്നും വേണ്ടതെന്നാണ് മാലി ദ്വീപിന്റെ പുതിയ ആവശ്യം. മാലദ്വീപിന്റെ തെക്കേ അറ്റമായ അഡു ദ്വീപിലും ഭരണസിരാ കേന്ദ്രമായ ലാമു ദ്വീപിലുമാണ് ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളുള്ളത്.ഈ മാസമാണ് രണ്ട് ഹെലികോപ്റ്ററുകളുടേയും കരാര്‍ കാലാവധി അവസാനിക്കുന്നത്. ഇത് പുതുക്കുന്നതിനായി ജനുവരിയില്‍ തന്നെ ഇന്ത്യ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ അബ്ദുള്ള യമീന് ഭരണകൂടം പ്രതികരിച്ചില്ല.
കഴിഞ്ഞ അഞ്ച് ദശാബ്ദമായി ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ത്തിയെടുത്ത പരസ്പരവിശ്വാസത്തിനാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്. ഇന്ത്യന്‍ നിരീക്ഷക ഹെലികോപ്റ്ററുകളെ തിരിച്ചയക്കാനായി തത്വത്തിലെടുത്ത തീരുമാനമാണ് ബന്ധത്തിന് തിരിച്ചടിയായതില്‍ പ്രധാനം. മാലദ്വീപിന്റെ തീരുമാനങ്ങള്‍ക്ക് പിന്നില്‍ ചൈനയുടെ സ്വാധീനമുണ്ടെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
അഡു ദ്വീപിനോട് ചേര്‍ന്നാണ് തുറമുഖം നിര്‍മിക്കുന്നത് എന്നതിനാല്‍ പ്രദേശത്തെ ഇന്ത്യന്‍ സാന്നിധ്യം ഒഴിവാക്കണമെന്ന് ചൈന ആവശ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതാണ് മാലിദ്വീപിന്റെ അസാധാരണ തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് കരുതുന്നതായി മുതിര്‍ന്ന ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post