ലണ്ടന്‍: വടക്കന്‍ അയര്‍ലന്‍ഡിലെ സിഖുകാരനായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവിന്റെ തലപ്പാവ് അഴിച്ചുമാറ്റാന്‍ നിര്‍ബന്ധിച്ച ദുബായ് പോലിസിന്റെ നടപടി വിവാദമായി. യു.കെയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വടക്കന്‍ അയര്‍ലന്‍ഡില്‍നിന്നുള്ള ആദ്യ സിഖ് നേതാവായ അമന്‍ദീപ് സിങ് ഭോഗലാണ് പരാതിക്കാരന്‍.
മേയ് ഏഴിന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളിലൊരാളായ അമന്‍ദീപിനെ ബെല്‍ഫാസ്റ്റിലേക്കുള്ള മടക്കയാത്രയില്‍ ദുബായ് എയര്‍പോര്‍ട്ടില്‍ മതവിശ്വാസത്തിന്റെ ഭാഗമായ തലപ്പാവും കൈവളയും ഊരിമാറ്റാന്‍ പൊലീസ് നിര്‍ബന്ധിച്ചതായി അദ്ദേഹം ട്വിറ്ററില്‍ വെളിപ്പെടുത്തുകയായിരുന്നു. അവ ഊരിമാറ്റുന്നതുവരെ തന്നെ പോകാന്‍ അനുവദിച്ചില്ലെന്നും ഇത് തന്റെ സിഖ് വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും അമന്‍ദീപ് ട്വിറ്ററില്‍ പറഞ്ഞു.
31കാരനായ ഭോഗല്‍ ജലന്ധറിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം വ്യാപക മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Discussion about this post