കണ്ണൂര്‍; കീഴാറ്റൂരിലെ വയല്‍ക്കിളി കൂട്ടായ്മയെ ഇല്ലാതാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ വലീടുകള് കയറിയിറങ്ങിയ ബോധവത്കരണ പര്യടനത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍. സമരക്കാരുടെ പക്ഷമാണ് ശരിയെന്ന് ഇതോടെ തെളിഞ്ഞെന്നും സിപിഎമ്മിന്റെ ഉദ്ദേശ്യം നടക്കാന്‍ പോകുന്നില്ലെന്നും വയല്‍ക്കിളികള്‍ പ്രതികരിച്ചു.
സിപിഎമ്മിന്റെ എതിര്‍പ്പുകളെ മറികടന്നും ലോങ്മാര്‍ച്ചുമായി മുന്നോട്ടു പോകാനാണു സംഘടനയുടെ തീരുമാനമെന്നു നേതൃത്വം മാധ്യമങ്ങളോട് വ്യക്തമാക്കി. ലോങ് മാര്‍ച്ച് മേയ് മാസത്തോടെ നടത്താനാണ് തീരുമാനം. ജില്ലാ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കി പ്രത്യേകം കമ്മിറ്റികളും ക്യാംപെയ്നും ആവശ്യമാണ്. എങ്കില്‍ മാത്രമേ മാര്‍ച്ച് വിജയിപ്പിക്കാനാകൂ. അതിനാണ് സമയമെടുക്കുന്നത്. സമരത്തില്‍ കോളജ് വിദ്യാര്‍ഥികളെയടക്കം സന്നദ്ധരാക്കിവേണം മുന്നോട്ട് പോവാനെന്നും വയല്‍ക്കിളി സമിതി.
പി.ജയരാജന്റെ നേതൃത്വത്തില്‍ കീഴാറ്റൂരിലെ വീടുകളില്‍ എത്തിയ സംഘം പറഞ്ഞത് പ്രവര്‍ത്തകരെ പാര്‍ട്ടി സ്ഥിരമായി പുറത്താക്കിയിട്ടില്ലെന്നാണ്. സിപിഎം നടപടി നേരിടുന്ന ഏതൊരു കുടുംബത്തെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ അകറ്റിനിര്‍ത്തുകയാണു പതിവ്. എന്നാല്‍ കീഴാറ്റൂരില്‍ പാര്‍ട്ടി നടപടി എടുത്ത് മാസങ്ങള്‍ തികയും മുന്‍പെ സിപിഎം ജില്ലാ സെക്രട്ടറിയും അനുനയത്തിന് എത്തിയത് ന്യായം തങ്ങളുടെ ഭാഗത്താണെന്നതിനു തെളിവാണെന്ന് വയല്‍ക്കിളികള്‍ പറയുന്നു.
Discussion about this post