തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മുൻമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായ എകെ ബാലൻ. എസ്.എഫ്.ഐയും സി.പി.എമ്മും വഴിയിൽ കെട്ടിയ ചെണ്ടയല്ലെന്നും തിരുത്തേണ്ടത് തിരുത്താൻ എസ്.എഫ്.ഐക്ക് കഴിയുമെന്നും എ.കെ.ബാലൻ പറഞ്ഞു. മുന്നണിക്കുള്ളിലുള്ള ആളായാലും എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.എസ്എഫ്‌ഐയെ വളർത്തിയത് ഞങ്ങളാണ്. പ്രതിപക്ഷ നേതാവിന്റെ പാർട്ടിയായ കോൺഗ്രസ് ഒരു കൂടോത്ര പാർട്ടിയായി ഇപ്പോൾ മാറി. കേരള കൂടോത്ര പാർട്ടി എന്ന് തന്നെ വിശേഷിപ്പിക്കാം. എസ്എഫ്‌ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടത് തിരുത്താൻ ആ സംഘടനയ്ക്ക് കഴിയും. എസ്എഫ്‌ഐയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും’, എ കെ ബാലൻ വ്യക്തമാക്കി.
എസ്.എഫ്.ഐയുടേത് പ്രാകൃതരീതിയാണ്. ശൈലി തിരുത്തിയേ തീരൂ. ഇത് ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിൻറെ രീതിയല്ലെന്നുമായിരുന്നു ബിനോയ് വിശ്വം പറഞ്ഞിരുന്നത്. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിൻറെ അർഥം അറിയില്ല. തിരുത്തിയില്ലെങ്കിൽ എസ്.എഫ്.ഐ, ഇടതുപക്ഷ പ്രസ്ഥാനത്തിന് ബാധ്യതയാകുമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
Discussion about this post