ബംഗളൂരു:കര്‍ണാടകയില്‍ മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസിനകത്തും, ജെഡിഎസിനകത്തും ഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്. നേരത്തെ കോണ്‍ഗ്രസിന് 20 മന്ത്രിമാരെയും, ജെഡിഎസിന 13 ഉം മന്ത്രിമാരെ നല്‍കാനായിരുന്നു ധാരണ. എന്നാല്‍ ജെഡിഎസിന്റെ ഇടപെടല്‍ മൂലം കോണ്‍ഗ്രസ് വീണ്ടും വിട്ടു വീഴ്ചയ്ക്ക് തയ്യാറായി നിലവില്‍ 16 മന്ത്രിമാര്‍ കോണ്‍ഗ്രസിനും, 15 മന്ത്രിമാര്‍ ജെഡിഎസിനും നല്‍കാനാണ് ധാരണ.
കോണ്‍ഗ്രസിന് വലിയ തോതിലുള്ള പ്രാതിനിധ്യം നല്‍കേണ്ടതില്ല എന്നതാണ് ജെഡിഎസ് നിലപാട്. രണ്ട് സ്വതന്ത്രരെയും മന്ത്രിമാരാക്കാനും ധാരണയായിട്ടുണ്ട്. കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനവകുപ്പ് കൂടി കൈകാര്യം ചെയ്യും. ആഭ്യന്തര വകുപ്പ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ജി പരമേശ്വരക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് കുമാരസ്വാമി വ്യക്തമാക്കിയിരിക്കുന്നത്., ഒരു ഉപമുഖ്യമന്ത്രി സ്ഥാനം കൂടി കോണ്‍ഗ്രസിന് ലഭിച്ചേക്കും .
എന്നാല്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന രണ്ടാമത്തെ ഉപമുഖ്യമന്ത്രി പദം ആര്‍ക്കായിരിക്കും എന്നതു സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കോണ്‍ഗ്രസില്‍നിന്ന് മലയാളികളായ കെ. ജെ ജോര്‍ജിനും യു.ടി. ഖാദറിനും ഈ മന്ത്രിസഭയില്‍ പദവി ലഭിക്കുമെന്നുതന്നെയാണ് കരുതുന്നത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ തയ്യാറാകുമോ എന്നത് വ്യക്തമല്ല.
ഇതിനിടെ സിദ്ധരാമയ്യയെ മാറ്റി നിര്‍ത്തി സഖ്യ ചര്‍ച്ചകള്‍ക്ക് മുന്നില്‍ നിര്‍ത്തിയ ഡി ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താനാണ് ശിവകുമാറിനെ മാറ്റി നിര്‍ത്തുന്നതെന്നാണ് വിവരം. വൊക്കലിംഗ് സമുദായക്കാരനാണ് ശിവകുമാര്‍. മുഖ്യമന്ത്രി കുമാരസ്വാമിയും ഈ വിഭാഗക്കാരനാണ്. അതിനാല്‍ ശിവകുമാറിന് മുന്‍ മന്ത്രി സഭയില്‍ അദ്ദഹം കൈകാര്യം ചെയ്ത ഊര്‍ജ്ജ വകുപ്പ് തന്നെ നല്കി അനുനയിപ്പിക്കാനാണ് നീക്കം. അതേസമയം സിദ്ധരാമയ്യയുടെ വിശ്വസ്തര്‍ക്ക് മന്ത്രി സ്ഥാനം ഉറപ്പിക്കാനുള്ള ചരട് വലികളും ശക്തമാണ്. സിദ്ധരാമയ്യ മന്ത്രിസഭയില്‍ ഉണ്ടാവില്ല. എങ്കിലും അദ്ദേഹത്തിന്റെ വിശ്വസ്തനായ കെ.ജി ജോര്‍ജ്ജ് ഉള്‍പ്പടെ പ്രമുഖരെ ശക്തമായ വകുപ്പുകളോടെ നിലനിര്‍ത്തുകയാണ് സിദ്ധരാമയ്യയുടെ ഉദ്ദേശം. കര്‍ണാടക രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യയുടെ കാലം കഴിഞ്ഞെന്ന വിലയിരുത്തലുകളെ മറികടക്കാന്‍ ഇതുവഴി കഴിയുമെന്നാണ് ആ പക്ഷത്തുള്ളവരുടെ കണക്കുകൂട്ടല്‍
രാമലിംഗ റെഡ്ഡി അടക്കമുള്ള മുതിര്‍ന്ന നേതാക്കളും മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കും. വിശ്വാസ വോട്ടെടുപ്പിനു ശേഷം മന്ത്രിസഭാ വിപുലീകരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പ് മാറ്റിവെച്ച മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ജെഡിഎസും പരസ്പര സഹകരണത്തോടെ മത്സരിക്കും. ജയാ നഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിയെ ജെഡിഎസ് പിന്തുണക്കും. ആര് ആര് നഗറില്‍ ജെഡിഎസ് സ്ഥാനാര്‍ഥി രാമചന്ദ്ര കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കും. ഇവിടങ്ങളില്‍ ഇരുപക്ഷവും എതിര് സ്ഥാനാര്‍ഥികളെ നിര്‍ത്തിയേക്കില്ല.
Discussion about this post