തെന്മലയില് നവവരനെ തട്ടികൊണ്ടു പോയ സംങഭവത്തില് സര്‍ക്കാരിനും പോലിസിനുമെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു. കോണ്‍ഗ്രസ് -ബിജെപി, ദളിത് സംഘടനകള്‍ തുടങ്ങിയവര്‍ തെന്മല ഗാന്ധി നഗര്‍ പോലിസ് സ്റ്റേഷന് മുന്നില്‍ ശക്തമായ ഉപരോധം നടത്തുകയാണ്. പോലിസിന് ഗുരുതരമായ അനാസ്ഥ സംഭവിച്ചു എന്ന ആരോപണം സിപിഎം നേതാക്കള്‍ പ്രതികള്‍ക്കായി ഇടപെട്ടു എന്ന തലത്തിലാണ് എത്തി നില്‍ക്കുന്നത്.
കെവിന്റെ ഭാര്യ സഹോദരനൊപ്പം പ്രമുഖ ഡിവൈഎഫ്ഐ നേതാവ് നിയാസ് ഉള്‍പ്പെട്ടു എന്ന വിവരം പുറത്തു വന്നതോടെ കേസില്‍ സിപിഎം പ്രതികൂട്ടിലാവുകയാണ്. പുനലൂര്‍ ഇടമണ്‍ യൂണിറ്റ് സെക്രട്ടറിയായ നിയാസ് പോലിസുമായി അടുത്ത ബന്ധമുള്ള ആളാണ്.
കോട്ടയം ജില്ലയിലെ ചില സിപിഎം നേതാക്കള്‍ പ്രതികള്‍ക്കായി ഇടപെട്ടുവെന്ന പരാതിയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. കെവിനെയും കൂടെ ബന്ധുവായ അനീഷിനെയും തട്ടികൊണ്ടു പോയിരുന്നു. അനീഷ് രക്ഷപ്പെട്ട് പിന്നീട് പോലിസില്‍ പരാതി നല്കി. ഒപ്പം കെവിന്റെ ബന്ധുക്കളും പരാതി നല്കി. മുഖ്യമന്ത്രി ജില്ലയില്‍ നിന്ന് പോയ ശേഷം നടപടി സ്വീകരിക്കാമെന്നാണ് എസ്ഐ ഷിബു പരാതി നല്‍കാനെത്തിയ കെവിന്റെ ബന്ധുക്കളോട് പറഞ്ഞത്. വളരെ മോശമായായിരുന്നു എസ്ഐ പരാതി നല്‍കാനെത്തിയവരോട് പെരുമാറിയത്.
ഒരു ലക്ഷം രൂപ പ്രതികള്‍ അന്വേഷണം നടത്താതിരിക്കാനായി പോലിസിന് നല്കി എന്ന് ബന്ധുക്കള്‍ പറയുന്നു. കൈക്കൂലി നല്‍കിയിട്ടുണ്ട്, എസ്ഐ ഒന്നും ചെയ്യില്ല, നിനക്കൊക്കെ എന്ത് ചെയ്യാന്‍ കഴിയും എന്ന് കെവിന്റെ ഭാര്യ സഹോദരന് ബന്ധുവിനോട് പറഞ്ഞുവെന്നും ഇവര്‍ പറയുന്നു. പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പോലിസ് അവസരം ഒരുക്കി എന്ന ആരോപണവും ശക്തമാണ്.
ഇന്ന് രാവിലെയാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലാണെന്ന് പോലിസ് പറയുന്നു. ശരീരത്തില്‍ നിറയെ മുറിവുകളുണ്ട്. കണ്ണുകള്‍ ചൂഴ്ന്നെടുത്തതായി സംശയമുണ്ട്. പാതി നഗ്നമായ അവസ്ഥയിലായിരുന്നു മൃതദേഹം.
ഇതിനിടെ കൊലപാതകം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് എന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു.
Discussion about this post