കേന്ദ്രസര്‍ക്കാരിന്റെ ശൂന്യാകാശ വകുപ്പിനു കീഴില്‍ അഹമ്മദാബാദിലുള്ള ഭൗതിക അനുസന്ധാന്‍ പ്രയോഗശാല (Physical Research Laboratory (PRL)) യിലെ ശാസ്ത്രജ്ഞരാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങക്കൊപ്പമെത്തിച്ച ഈ കണ്ടെത്തല്‍ നടത്തിയത്. സൂര്യനെപ്പോലെയുള്ള ഒരു നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹം അറുനൂറു പ്രകാശവര്‍ഷങ്ങള്‍ അകലെയാണുള്ളത്. ആ ഗ്രഹത്തിനും നക്ഷത്രത്തിനും EPIC എന്നാണ് പേരു നല്കിയിരിയ്ക്കുന്നത്. ഈ കണ്ടെത്തലോടെ മറ്റു നക്ഷത്രങ്ങള്‍ക്ക് ചുറ്റുമുള്ള പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുള്ള ചുരുക്കം ചില രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും ചേരുകയാണ്.
നമ്മുടെ ഗവേഷണശാലയില്ത്തന്നെ രൂപകല്‍പ്പന ചെയ്ത PARAS എന്ന സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിട്ടുള്ളതെന്നത് ഈ കണ്ടെത്തലിന്റെ സന്തോഷം ഇരട്ടിയാക്കുന്നു. ഈ സ്പെക്ട്രോഗ്രാഫ് ഉപയോഗിച്ചാണ് പുതിയ ഗ്രഹത്തിന്റെ പിണ്ഡം നിശ്ചയിച്ചിരിയ്ക്കുന്നത്. EPIC 211945201b (K2-236b) എന്നാണ് ഈ ഗ്രഹത്തിനു നല്‍കിയിരിയ്ക്കുന്ന നാമം. ആ ഗ്രഹത്തിന്റെ നക്ഷത്രത്തിന് PIC 211945201 (K2-236) എന്നും നാമകരണം ചെയ്തു. PARAS സ്പെക്ട്രോഗ്രാഫ് അമേരിയ്ക്കയിലും യൂറോപ്പിലുമൊക്കെ ഉള്ള സ്പെക്ട്രോഗ്രാഫുകളൊപ്പം സൂക്ഷ്മതയുള്ളതാണ്. ഇത്തരം വളരെക്കുറച്ചു സ്പെക്ട്രോഗ്രാഫുകളേ ലോകത്തിലുള്ളൂ.
ഭൗതിക അനുസന്ധാന്‍ പ്രയോഗശാലയുടെ മൗണ്ട് അബുവിലുള്ള ഗൗരീശങ്കര്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ ഡോക്ടര്‍ അഭിജിത് ചക്രവര്‍ത്തി എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലെ സംഘമാണ് ഈ കണ്ടെത്തല്‍ നടത്തിയത്. നെപ്റ്റിയൂണിനേക്കാള്‍ വലുതും ശനിയേക്കാള്‍ ചെറുതുമായ ഇത്തരം ഗ്രഹങ്ങള്‍ ഒരു നക്ഷത്രത്തിനടുത്ത് ഉണ്ടാവുന്നതെങ്ങനെ എന്ന് പഠിയ്ക്കാന്‍ ഇത്തരം കണ്ടെത്തലുകള്‍ വളരെയേറെ സഹായകരമാകും. 600 ഡിഗ്രിയാണ് ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുള്ള താപനില. 19.5 ദിവസം കൊണ്ട് ഇത് നക്ഷത്രത്തെ ഭ്രമണം ചെയ്യും.
ഭൂമിയേക്കാള്‍ ഇരുപത്തിയേഴ് മടങ്ങ് ഭാരമേറിയതും ആറുമടങ്ങ് വലിപ്പമുള്ളതുമായ ഈ ഗ്രഹത്തില്‍ ഇരുമ്പ് സിലിക്കേറ്റ് എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇനിയും ഇതുപോലുള്ള കണ്ടെത്തലുകള്‍ ഉണ്ടാവുമെന്ന് ഐ എസ് ആര് ഓ അറിയിച്ചു. അമേരിക്കന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്ട്രോണമിക്കല്‍ ജേണലിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
Discussion about this post