കാ ഭാ സുരേന്ദ്രന്‍
സ്വാതന്ത്ര്യാനന്തരം ഭാരതം ഭരിച്ച ജവഹർലാൽ നെഹ്റു പാശ്ചാത്യ വികസന -വിദ്യാഭ്യാസ കാര്യത്തിൽ ഭ്രമമുള്ള ആളായിരുന്നു. ഭാരതത്തിന്റെ ആത്മാവിനെ കണ്ടെത്തിയ ഗുരുവിന്റെ ശിഷ്യൻ പക്ഷെ ഇന്ത്യയെ കണ്ടെത്താനേ ശ്രമിച്ചുള്ളൂ. ഭാരതത്തിന്റെ തനിമ എന്താണ്, ഭാരതത്തിന്റെ ജീവൻ എന്തിലാണ് തുടങ്ങിയ കാര്യങ്ങളിൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ ഊന്നൽ. പാശ്ചാത്യ ലോകം എന്തു ചിന്തിക്കുന്നു എന്നതിലായിരുന്നു ശ്രദ്ധ. അതിന്റെ ഏറ്റവും നല്ല തെളിവാണ് ഭാരതത്തിന്റെ പേര് ഭരണഘടനയിൽ പ്രഖ്യാപിക്കുമ്പോൾ “India that is Bharat” എന്ന് ചേർത്തത്. നാടിന്റെ സ്വന്തം വ്യക്തിത്വത്തിൽ വിശ്വാസമില്ലായിരുന്നു.
ഈ ആത്മവിശ്വാസമില്ലായ്മയും പാശ്ചാത്യ ഭ്രമവും സോഷ്യലിസ്റ്റ് സ്വപ്നവും കൂടി ആയപ്പോൾ കാര്യങ്ങൾ വേഗം തീരുമാനിക്കപ്പെട്ടു. റഷ്യൻ മോഡൽ പഞ്ചവത്സര പദ്ധതികൾ ഇറക്കുമതി ചെയ്തു. റഷ്യയുടെ ഇരുമ്പുമറക്കുള്ളിൽ എന്തു നടക്കുന്നു എന്നറിയാതെയായിരുന്നു എടുത്തുചാട്ടം.
വർഷങ്ങൾ ഏതാനും കഴിഞ്ഞപ്പോൾ ക്ഷാമവും പൂഴ്ത്തിവയ്പും വിലക്കയറ്റവും നിയന്ത്രണാതീതമായി. ഒപ്പം മറ്റു മേഖലകളിലും അഴിമതിയും സ്വജനപക്ഷപാതവും ഒക്കെയായി ശ്രീമതി ഇന്ദിരാഗാന്ധിയുടെ ആധിപത്യം ആയപ്പോഴേക്കും. അധികാരത്തിന്റെ എല്ലാ സൗകര്യങ്ങളും ചൂഷണം ചെയ്ത് നെഹ്റു കുടുംബം തടിച്ചുകൊഴുത്തു. ശ്രീമതി ഇന്ദിരയുടെ മകൻ സഞ്ജയ് മാരുതി ഉദ്യോഗ് ലിമിറ്റഡ് കൈക്കലാക്കി. ഭാരത പൗരത്വമില്ലാത്ത സോണിയ കമ്പനിയുടെ ഉന്നത സ്ഥാനം നിയമവിരുദ്ധമായി നേടി. അഴിമതിയും വിലക്കയറ്റവും കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടി.

ജനങ്ങളുടെ പ്രതിഷേധം രൂക്ഷമായി. അതിനെ മറികടക്കാൻ ഏറ്റവും വിലകെട്ട രാഷ്ട്രീയ തന്ത്രം ഇന്ദിര പുറത്തെടുത്തു. സ്വന്തം പാർട്ടിയെ രണ്ടു ഗ്രൂപ്പാക്കി. ഗ്രൂപ്പ് വഴക്ക് മൂർഛിച്ചു. ? ഒരു ഗ്രൂപ്പ് മറ്റേ ഗ്രൂപ്പിലുള്ള ഏതെങ്കിലും മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കും. തർക്കം മൂക്കുമ്പോൾ ആ മന്ത്രി രാജിവയ്ക്കുന്നതാകും ഏറ്റവും വലിയ പ്രശ്നം. രാജ്യം നേരിടുന്ന വലിയ ദുരിതങ്ങൾ ആരും ചർച്ച ചെയ്യാതാകും. ഇതായിരുന്നു അടവ്.
ഇതിനിടയിൽ അധികാര ദുർവിനിയോഗവും യാതൊരു മറയും കൂടാതെ നടത്തി. 1974ൽ ഡൽഹിയിൽ യൂത്ത് കോൺസ് സമ്മേളനം. വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ ഇങ്ങനെ, എല്ലാ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നും വിദ്യാർത്ഥികളെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുപ്പിക്കാൻ. രാജ്യത്തെ എല്ലാ സംവിധാനങ്ങളും ഇന്ദിരക്കും കുടുംബത്തിനും വേണ്ടി എന്ന നിലയായി.
സഹികെട്ട ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. 1973 ലെ ബജറ്റു സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കമ്മ്യൂണിസ്റ്റ് പാർട്ടി ഒഴികെ മറ്റെല്ലാ പ്രതിപക്ഷ കക്ഷികളും ബഹിഷ്ക്കരിച്ചു. ബീഹാറിൽ കലാലയ വിദ്യാർത്ഥികൾ “നവ നിർമാൺ സമിതി” ഉണ്ടാക്കി തെരുവിലിറങ്ങി. ശക്തമായ പ്രക്ഷോഭം. സമരം രൂക്ഷമായപ്പോൾ മർദ്ദനവും രൂക്ഷം. വിവിധയിടങ്ങളിൽ വെടിവയ്പുണ്ടായി. 43 പേർ മരിച്ചുവീണു. കലുഷമായ അന്തരീക്ഷത്തിൽ സ്വാതന്ത്ര്യാനന്തര ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് മന്ത്രിസഭ രാജിവച്ചു. മുഖ്യമന്ത്രി ചിമൻ ഭായ് പട്ടേലായിരുന്നു കോൺഗ്രസ് നായകൻ. തുടർന്നുണ്ടായ തെരഞ്ഞെടുപ്പിൽ വീണ്ടും ചരിത്രം സൃഷ്ടിച്ചു കൊണ്ട് കോൺഗ്രസ് തോറ്റു.
ബീഹാറിൽ വിദ്യാർത്ഥികൾ “ഛത്രം സംഘർഷസമിതി” എന്ന പേരിൽ സംഘടിച്ചു. പ്രതിഷേധം അതിശക്തം. 1974 മാർച്ച് 16ന് കളക്ടറേറ്റുകൾ ഘെരാവോ ചെയ്തു. കയറൂരി വിടപ്പെട്ട പോലീസ് വേട്ടനായ്ക്കളെപ്പോലെ കുട്ടികളെ ആക്രമിച്ചു. വെടിവയ്പിൽ ഏഴു പേർ മരിച്ചു. വിദ്യാർത്ഥികളും നാട്ടുകാരും പ്രക്ഷോഭത്തിന്റെ നേതൃത്വമേറ്റെടുക്കാൻ ലോക നായക് ജയപ്രകാശ് നാരായണനോട് അഭ്യർത്ഥിച്ചു. “ബീഹാറിന്റെ ഹൃദയത്തിൽ രക്തം സ്രവിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ജെ.പി.നേതൃത്വം ഏറ്റെടുത്തു. എങ്ങും നിരന്തര പ്രതിഷേധം. കോൺഗ്രസ് സർക്കാർ പ്രതിഷേധ ജാഥകൾ നിരോധിച്ചു. അതിനെ അതിലംഘിച്ചുകൊണ്ട് ജെ.പി.യുടെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചു. സർവ്വ വിലക്കുകളും മറികടന്ന് അഞ്ചുലക്ഷം പേർ ആ പ്രതിഷേധത്തിൽ പങ്കെടുത്തു. അതിൽ വച്ചാണ് ജയപ്രകാശ് നാരായണൻ “സമ്പൂർണ വിപ്ലവം” പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ സമര കാലത്തെ പോലെ വിദ്യാഭ്യാസ ബഹിഷ്ക്കരണത്തിന് ആഹ്വാനം മുഴക്കി. കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാമോ എന്ന ചോദ്യത്തിന് ചിലപ്പോൾ വിദ്യാഭ്യാസത്തെക്കാൾ പ്രധാനമായ കാര്യവും ഉണ്ടാകാം എന്നായിരുന്നു ജെ.പി.യുടെ മറുപടി.
നിരോധനത്തെ വെല്ലുവിളിച്ചു കൊണ്ട് ഏപ്രിൽ 3 ന് പാറ്റ്നയിൽ വായ് മൂടിക്കെട്ടി ജാഥ നടത്തി. പോലീസ് അതിക്രമം വർദ്ധിച്ചു. ഏപ്രിൽ 12 ന് ഗയയിൽ നടത്തിയ പ്രതിഷേധത്തിനെതിരെ വെടിവച്ചു. എട്ടു പേർ മരണമടഞ്ഞു. ഒക്ടോബർ 3ന് ബീഹാർ ബന്ദ് പ്രഖ്യാപിച്ചു. പോലീസ് വെടിവയ്പ്, ഏഴ് മരണം. 1974 നവംമ്പർ 4ന് നിയമസഭാ പിക്കറ്റിംഗ്. മർദ്ദനം, അറസ്റ്റ്, വെടിവയ്പ്. നൂറിലേറെപ്പേർ മരിച്ചുവീണു.
ജനങ്ങളെ നേരിടാൻ പോലീസും പട്ടാളവും കൂടാതെ സഞ്ജയ് ബ്രിഗേഡ്, ഇന്ദിരാ ബ്രിഗേഡ് തുടങ്ങിയ ഗുണ്ടാഗ്രൂപ്പുകളെ ഉണ്ടാക്കി. എല്ലാം സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു അരങ്ങേറ്റം.
ഇതിനിടയിൽ 1971 ൽ നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ച ഇന്ദിരാഗാന്ധിക്കെതിരെ എതിർ സ്ഥാനാർത്ഥിയായ രാജ് നാരായൺ കേസ് കൊടുത്തിരുന്നു. ആ കേസിൽ അലഹബാദ് ഹൈക്കോടതി 1975 ജൂൺ 12ന് വിധി പ്രഖ്യാപിച്ചു. റായ്ബറേലി മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ വിജയം റദ്ദാക്കി. മാത്രമല്ല ആറു വർഷത്തേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു.
രാജ്യമെങ്ങും പ്രതിഷേധം. ഇന്ദിരയുടെ രാജിക്കായി കോൺഗ്രസിൽ തന്നെ കലാപം . നൂറിലേറെ കോൺഗ്രസ് എം.പി.മാർ രാജി ആവശ്യം ഉന്നയിച്ചു. ഇതിനെ അതിജീവിക്കാൻ സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിക്ക് അനുകൂലമായി യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. സർക്കാർ സംവിധാനങ്ങളെല്ലാം ഇത്തരം കാര്യങ്ങൾക്ക് ദുരുപയോഗിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് സഞ്ജയ് ഗാന്ധി സൂപ്പർ പ്രധാനമന്ത്രിയായി പ്രവർത്തിച്ചു. ഡൽഹി കോർപ്പറേഷന്റെ വക ട്രാൻസ്പോർട്ട് – വൈദ്യുതി -ആരോഗ്യ വകുപ്പുകൾ ഇന്ദിരക്കു വേണ്ടിയുള്ള യോഗങ്ങൾ സംഘടിപ്പിക്കാൻ ഉപയോഗിച്ചു. സർക്കാർ ഉദ്യോഗസ്ഥന്മാരോട് പ്രകടനങ്ങളിൽ പങ്കെടുക്കാൻ കൽപ്പിച്ചു. മാറി നിന്നവരെ ശിക്ഷിച്ചു. ഇന്ദിരാഗാന്ധിയും കുടുംബവും വേദിയിൽ അണിനിരന്ന പരിപാടി ദൂരദർശൻ പ്രക്ഷേപണം ചെയ്യാതിരുന്നതിന്റെ പേരിൽ വാർത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി ഐ.കെ.ഗുജ്റാളിനെ പുറത്താക്കി.
നാടെങ്ങും പ്രതിപക്ഷ കക്ഷികൾ പ്രതിഷേധിച്ചു. 1975 ജൂൺ 25 ന് ദേശീയ പ്രതിഷേധ ദിനമായി പ്രഖ്യാപിച്ചു. ജൂൺ 29ന് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാ ഗാന്ധി നൽകിയ അപ്പീലിൽ സുപ്രീം കോടതി ജൂൺ 24ന് വിധി പറഞ്ഞു. ഭാരതത്തിന്റെ ചരിത്രത്തിൽ കറുത്ത നാളുകൾ വരച്ചു ചേർത്ത വിധി പുറപ്പെടുവിച്ചയാൾ ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യർ ആയിരുന്നു. ഹൈക്കോടതി വിധി ശരിവച്ചു കൊണ്ട് ഇനിരാഗാന്ധി ഇനിമേൽ എം.പി. അല്ല, എന്നാൽ മറ്റൊരു വിധി വരുന്നതുവരെ പ്രധാനമന്ത്രിയായി തുടരാം എന്നായിരുന്നു ചരിത്രപരമായ മണ്ടത്തരം എന്നു വിശേഷിപ്പിക്കാവുന്ന ഇടക്കാല വിധി.
ഇതിനപ്പുറം ഒരവസരം കിട്ടാനില്ലാത്തതു കൊണ്ട് 1975 ജൂൺ 25 രാത്രി 11.45ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പാർലമെന്റിൽ ചർച്ച ചെയ്ത് പാസാക്കിയ പ്രഖ്യാപനത്തിലാണ് രാഷട്രപതി ഒപ്പിടേണ്ടത് എന്നറിയാവുന്ന ഫക്രുദീൻ അലി അഹമ്മദ് ഇതൊന്നും നോക്കാതെ ഒരു റബർ സ്റ്റാമ്പു കണക്കെ ഇന്ദിരാഗാന്ധി കൊടുത്ത കടലാസിൽ ഇരുട്ടിനെ സാക്ഷിനിർത്തി വിറച്ചുകൊണ്ട് തുല്യം ചാർത്തി. (പിന്നീട് യു.പി.എയുടെ കാലത്തും ഇത്തരം റബർ സ്റ്റാമ്പുകളെ രാഷ്ട്രപതിയായും പ്രധാനമന്ത്രിയായും കോൺഗ്രസ് അവരോധിച്ചിട്ടുണ്ട് ). 25ന് രാത്രി തന്നെ വാജ്പേയ്, അദ്വാനി അടക്കമുള്ള മിക്കവാറും മുഴുവൻ പ്രതിപക്ഷ നേതാക്കളെയും അറസ്റ്റു ചെയ്തു ജയിലിലാക്കി. 1975 ജൂൺ 26 പിറന്നു വീണത് അന്ധകാരത്തിലേക്കും അടിമത്തത്തിലേക്കുമായിരുന്നു.
Discussion about this post