സോഷ്യല്‍ മീഡിയയിലൂടെ യുവതിയെ അപമാനിച്ചുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന തരികിട സാബു എന്ന അബ്ദുള്‍ സമദിനെ ഏഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നു. സ്ത്രീ വിരുദ്ധനായ അബ്ദുള്‍ സമദിനെ പോലെ ഒരാളെ ചാനല്‍ ഷോയില്‍ പങ്കെടുപ്പിച്ച് ‘ആളാക്കുന്ന’ഏഷ്യാനെറ്റിന്റെ നടപടിയും സ്ത്രീ വിരുദ്ധമാണെന്നാണ് ആക്ഷേപം.
ബിജെപി പ്രവര്‍ത്തകയായ ലസിത പാലയ്ക്കലിനെ അപമാനിച്ച സംഭവത്തില്‍ അദ്ദേഹത്തിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുുന്നു. അന്വേഷണം നടന്നുവരുന്നതിനിടയിലാണ് സാബു അപ്രതീക്ഷിതമായി റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിനൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ പല താരങ്ങളും മത്സരരംഗത്തുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അബ്ദുള്‍ സമദിനെ പോലെ ഒരാളെ തന്നെ തെരഞ്ഞെടുത്തതിന് പിന്നില്‍ ചില രഹസ്യ അജണ്ടകള്‍ ഉണ്ടെന്നാണ് ആക്ഷേപം.
നേരത്തെ കലാഭവന്‍ മണിയുടെ മരണത്തില്‍ സാബുവിന് പങ്കുണ്ടെന്നാരോപിച്ച് വീട്ടമ്മ രംഗത്തുവന്നപ്പോള്‍ വളരെ രൂക്ഷമായ ഭാഷയിലായിരുന്നു അബ്ദുള്‍ സമദ് പ്രതികരിച്ചത്. വളരെ അസഭ്യം നിറഞ്ഞ ഭാഷയിലാണ് ലസിത പാലയ്ക്കലിനെയും സമദ് അപമാനിച്ചത്. തുടര്‍ന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് ഡിലിറ്റ് ചെയ്തിരുന്നു.
സ്ത്രിവിരുദ്ധനെന്ന ആക്ഷേപത്തെയും കേസിനെയും തുടര്‍ന്ന് സാബുവിനെ അയാള്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന രണ്ട് പരിപാടികളില്‍ നിന്ന് പുറത്താക്കിയിരുന്നതായി ചില വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ എന്‍ട്രി ലഭിച്ചതോടെ സാബുവിനെ വീണ്ടും സ്വീകാര്യനാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആക്ഷേപം.
ഹിന്ദി,മറാത്തി,തെലുങ്ക്,തമിഴ് കന്നഡ ഭാഷകളില്‍ വിജയം നേടി മുന്നേറുന്നതിനിടെയാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നത്. മറ്റു ഭാഷകളില്‍ പരിപാടിക്ക് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ബിഗ് ബോസുമായി മലയാളത്തിലെത്താന്‍ കാരണമായത്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്നത് തന്നെയായിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറുക. കമല്‍ഹാസനായിരുന്നു തമിഴ് ബിഗ് ബോസില്‍ അവതാരകനായി എത്തിയിരുന്നത്. തമിഴകത്ത് വന്‍വിജയമായി ഈ റിയാലിറ്റി ഷോ മാറിയിരുന്നു.
Discussion about this post