മുംബൈ: ദയാവധത്തിന്റെ കാരുണ്യത്തിന് കാക്കാതെ അരുണ ദുതിപൂര്ണമായ ജീവിതത്തില്‍ നിന്ന് ഒടുവില്‍ യാത്രയായി. ക്രൂരമായ മാനഭംഗത്തെ തുടര്‍ന്നു 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണ ഷാന്‍ബാഗ് (68) അന്തരിച്ചു. മുംബൈയിലെ കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ (കെഇഎം) ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു അരുണ.. ന്യുമോണിയ ബാധിച്ച അരുണയുടെ അവസ്ഥ കഴിഞ്ഞ ദിവസം ഗുരുതരമായിരുന്നു
1973 നവംബര്‍ 27ന് വൈകുന്നേരം 4.50നും 5.50നുമിടയില്‍ കെഇഎം ആശുപത്രിയുടെ ഡ്രസ്സിങ് മുറിയില്‍ വസ്ത്രം മാറുന്നതിനിടയിലാണ് സോഹന്‍ലാല്‍ ദര്‍ഠ വാല്മീകി എന്ന അറ്റന്‍ഡര്‍ പട്ടിയെ കെട്ടുന്ന ചങ്ങലകൊണ്ടു കഴുത്തിനു കുരുക്കിട്ടു കീഴ്പ്പെടുത്തി, അരുണയെ മാനഭംഗത്തിന് ഇരയാക്കിയത്. ഈ പീഡനത്തിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ച് അബോധാവസ്ഥയിലായ അരുണ ഷാന്‍ബാഗ് കഴിഞ്ഞ 42 വര്‍ഷമായി ജീവച്ഛവമായി അതേ നിലയില്‍ കിടക്കുകയായിരുന്നു.
അവരെപ്പറ്റിയുള്ള കഥ ലോകത്തിന് പരിചയപ്പെടുത്തിയ പത്രപ്രവര്‍ത്തകയായ പിങ്കി വിരാനി ഈ അവസ്ഥയില്‍ നിന്ന് അരുണ ഷാന്‍ബാഗിനു മുക്തിവേണമെന്നും അവരെ ഈ അവസ്ഥയില്‍ നിന്നു മാറ്റി മരണത്തിലേക്കു നടക്കാന്‍ അനുവദിക്കണമെന്നും അപേക്ഷിച്ചു.
2011ല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ദയാഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ അവര്‍ക്ക് നല്കുന്ന മരുന്നുകളും ഭക്ഷണവും നിര്‍ത്തി ദയാവധത്തിന്റെ മാര്‍ഗം സ്വീകരിക്കേണ്ടത് ആശുപത്രി അധികാരികളാണെന്ന നിരീക്ഷണം നടത്തുകയും ചെയ്തു. തങ്ങള്‍ക്ക് അതും സ്വീകാര്യമല്ലെന്നാണ് കിങ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ നഴ്സുമാര്‍ വ്യക്തമാക്കിയത്.
Discussion about this post