പത്തനംതിട്ട: തിരുവല്ലയില്‍ അഞ്ച് സഭ വൈദികര്‍ പീഡിപ്പിച്ച വീട്ടമ്മ എന്ന അടികുറിപ്പോടെ വാട്സാപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഫോട്ടോ പ്രചിപ്പിക്കുന്നതായി പത്തനംതിട്ട സ്വദേശിനി പോലിസില്‍ പരാതി നല്കി. അടൂര്‍ മണക്കാലയിലെ ഡോ. അഞ്ജു രാമചന്ദ്രനാണ് പരാതിക്കാരി.
ഇത് മൂന്നാം തവണയാണ് ഡോ. അഞ്ജു വാട്സാപ്പില്‍ വ്യാജപ്രചരണത്തിന് ഇരയാകുന്നത്. അഞ്ച് വര്‍ഷം മുന്‍പ് അഞ്ജു ഫേസ്ബുക്കിലിട്ട ഒരു ഫോട്ടോയാണ് ഇപ്പോള്‍ വൈദികര്‍ പീഡിപ്പിച്ച യുവതിയുടേതെന്ന പേരില്‍ പ്രചരിക്കുന്നത്. കാറില്‍ ഇരിക്കുന്ന അഞ്ജുവിന്റെ ഈ ചിത്രം വാട്സാപ്പുകളിലൂടെ പ്രചരിക്കുന്ന കാര്യം സുഹൃത്തുകളാണ് അഞ്ജുവിനെ അറിയിക്കുന്നത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അഞ്ജു തുടര്‍ന്ന് 26ാം തിയ്യതി അടൂര്‍ പൊലീസിലും പത്തനംതിട്ട സൈബര്‍ സെല്ലിലും പരാതി നല്കി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നല്‍കിയിട്ടുണ്ട്.
ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് വിഷയത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുന്നതെന്ന് അഞ്ജു പറയുന്നു. നേരത്തെ അശ്ലീലചിത്രങ്ങള്‍ക്കൊപ്പവും ഇതേ ചിത്രം പ്രചരിപ്പിച്ചിരുന്നു. മറ്റൊരു ശബ്ദസന്ദേശത്തിനൊപ്പവും ചിത്രം പ്രചരിപ്പിച്ചു.പരാതിയില്‍ അടൂര്‍ പൊലീസ് എഫ്.ഐ.ആര് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post