ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും യോഗയ്ക്കും പിന്നാലെ ഭാരതീയ ഇതിഹാസ കാവ്യമായ രാമായണം, പാര്‍ട്ടി അണികളിലും സമൂഹത്തിലെമെത്തിക്കാന് സിപിഎം പദ്ധതി തയ്യാറാക്കി. സംസ്കൃത സൗഹൃദ കൂട്ടായ്മയുടെ പേരില്‍ രാമായണം പഠനത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ഈ മാസം 25ന് ചേരുന്ന കണ്‍വെന്‍ഷനില്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ അന്തിമ തീരുമാനമാകും.
രാമായണത്തിന്റെയും ഹിന്ദു പുരാണങ്ങളുടെയും നല്ല വശങ്ങള് ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ടിയാണ് പദ്ധതിയെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഇതിഹാസ കാവ്യങ്ങളും, പുരണാങ്ങളും ഉള്‍പ്പടെ ഹിന്ദു പാരമ്പര്യമുള്ള എല്ലാം ആര്‍എസ്എസ് കയ്യടിവെച്ചിരിക്കുന്നത് തടയുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.
മൃദു ഹിന്ദുത്വ സമീപനം സിപിഎം കൈക്കൊള്ളുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സിപിഎം രാമായണ മാസത്തില്‍ തന്നെ രാമായണ പഠനത്തിന് ഒരുങ്ങുന്നത്. അതുവഴി ഹിന്ദു ഭൂരിപക്ഷ സമൂഹത്തിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലാന്‍ കഴിയുമെന്നും അവര്‍ കണക്കുകൂട്ടുന്നു. കേരളത്തില്‍ ന്യൂനപക്ഷ പ്രീണനത്തിന്റെ വഴിയിലാണ് സിപിഎം എന്ന ആരോപണം സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്നതും അണികളുെ ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയുകയുമാണ് ഈ പദ്ധതി കൊണ്ട് സിപിഎം ഉദ്ദേശിക്കുന്നതെന്ന് വ്യക്തം.
ഈ മാസം 25ന് ചേരുന്ന കണ്‍വെന്‍ഷനോടെ ആയിരിക്കും രാമായണ പഠനത്തിന് സിപിഎം തുടക്കം കുറിക്കുക. സംസ്ഥാനമെമ്പാടും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ രാമായണ പാരായണവും വ്യാഖ്യാനവും നടത്തും.ഒപ്പം രാമായണ പഠനവും നടത്തും. അധ്യാപകരെയും, സംസ്കൃത പണ്ഡിതരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പഠന ക്ലാസുകളും, സെമിനാറുകളും വ്യാപകമായി സംഘടിപ്പിക്കും. എസ്എഫ്ഐ മുന്‍ അഖിലേന്ത്യ പ്രസിഡമ്ടും, സിപിഎം സംസ്ഥാന സമിതി അംഗവുമായ ശിവദാസനാണ് രാമായണ പഠന പദ്ധതിയുടെ ചുമതല. സംസ്ഥാന തലത്തിലെടുത്ത തീരുമാനം കീഴ് ഘടകങ്ങളെ അറിയിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
മുമ്പ് പരിഹസിച്ചിരുന്ന ഹിന്ദു പാരമ്പര്യത്തെ സിപിഎം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടിയാണെങ്കിലും അംഗീകരിക്കുന്നത് സ്വാഗതാര്‍ഹമാണെന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. അതേസമയം രാഷ്ട്രീയ ദുഷ്ലാക്കോടെയുള്ള രാമായണ വ്യാഖ്യാനങ്ങള്‍ പൊതുസമൂഹത്തില്‍ പ്രശ്നങ്ങളുണ്ടാക്കുമോ എന്ന ആശങ്കയും ചില കേന്ദ്രങ്ങള്‍ക്കുണ്ട്. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അലങ്കോലപ്പെടുത്താനുള്ള നീക്കത്തിന് പിറകെ ഹിന്ദു സമൂഹം പവിത്രതോടെ ആചരിക്കുന്ന രാമായണ മാസത്തെ അസ്വസ്ഥപ്പെടുത്താനുള്ള നീക്കമാണെങ്കില്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്നാണ് ഹിന്ദു സംഘടനകളുടെ പ്രതികരണം.
Discussion about this post