മാവേലിക്കര: ലൈംഗിക താത്പര്യങ്ങള്‍ക്ക് വിധേയയാക്കാനായി മാവേലിക്കര സ്വദേശിനിയായ യുവതിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയ കേസില്‍ ബെംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ മലയാളി യുവതി അറസ്റ്റില്‍. തിരുവനന്തപുരം കുടപ്പനക്കുന്ന് ജയപ്രകാശ് നഗറില്‍ പുല്ലുകുളം വീട്ടില്‍ ജലീറ്റ ജോയി(25)യെയാണ് മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന് നല്കിയ മൊഴിയില്‍ ലൈംഗിക താത്പര്യങ്ങള്‍ക്ക് വിധേയയാക്കാനായി ജലീറ്റ തന്നെ ഭീഷണിപ്പെടുത്തി കൊണ്ടുപോയതാണെന്ന് യുവതി വെളിപ്പെടുത്തി.യുവതി പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്-
ബെംഗളൂരുവില്‍ പേയിങ് ഗസ്റ്റായി താമസിച്ച് ജോലിചെയ്യുന്നതിനിടെയാണ് ജലീറ്റയെ അവിടെ വച്ച് പരിചയപ്പെട്ടത്. തുടര്‍ന്ന് ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ നാട്ടിലേക്ക് മടങ്ങിയ യുവതിയെ തിരികെച്ചെല്ലാന്‍ ജലീറ്റ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തയ്യാറാകാതിരുന്നപ്പോള്‍ ജലീറ്റ തന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ബ്ലാങ്ക് ചെക്കില്‍ അഞ്ചുലക്ഷം രൂപ എഴുതി ബെംഗളൂരുവിലുള്ള അഭിഭാഷകന് വഴി കേസ് നല്കി. പിന്നീട് ജൂണ്‍ 21-ന് മാവേലിക്കരയിലെത്തിയ ജലീറ്റ, ഭീഷണിപ്പെടുത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
യുവതിയുമായി ജലീറ്റ നെടുമ്പാശ്ശേരിയിലെത്തി വിമാനമാര്‍ഗം മുംബൈയിലേക്കും അവിടെനിന്ന് ഗുജറാത്തിലെ സത്പുരയിലേക്കും പോയതായി പോലീസ് പറഞ്ഞു.സത്പുരയില്‍ മറ്റ് രണ്ട് മലയാളി യുവതികള്‍ക്കൊപ്പം മാവേലിക്കര സ്വദേശിനിയെ താമസിപ്പിച്ചു. ഇതിനിടയില്‍ യുവതിയെ കാണാനില്ലെന്ന് രക്ഷാകര്ത്താക്കള് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജൂലായ് 24-ന് ജലീറ്റ ഒരു അഭിഭാഷകനൊപ്പം പെണ്‍കുട്ടിയെ മാവേലിക്കരയിലേക്ക് അയച്ചു. മാവേലിക്കര പോലീസ് സ്റ്റേഷനിലെത്തിയ യുവതിയുടെ മൊഴിയെടുത്ത് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് എസ്.ഐ. സി.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം ബെംഗളൂരുവിലെത്തി ജലീറ്റയെ പിടികൂടുകയായിരുന്നു.
Discussion about this post