ഹിന്ദു സ്ത്രീകളെ നിന്ദിക്കുന്നുവെന്ന ആരോപണമുയര്‍ന്ന മീശ എന്ന നോവലിനെതിരെയും മാതൃഭൂമിക്കെതിരെയും പ്രതിഷേധിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് മാതൃഭൂമി എഡിറ്റോറിയല്‍. മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും എന്ന തലക്കെട്ടിലാണ് നോവല്‍ പിന്‍വലിക്കാനുണ്ടായ സാഹചര്യത്തെ വിമര്‍ശിച്ച് മാതൃഭൂമി രംഗത്തെത്തിയത്.
‘മീശ’ എന്ന നോവലിലെ രണ്ടുകഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണത്തെ അവിടെ നിന്ന് അടര്‍ത്തിമാറ്റി പത്രത്തിന്റെ അഭിപ്രായമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഹീനബുദ്ധി വ്യക്തമായൊരു പദ്ധതിയോടെയാണെന്ന് മുഖപ്രസംഗം ആരോപിക്കുന്നു. കഥാപാത്രങ്ങളുടെ സംഭാഷണം ദിനപത്രത്തിന്റെ തലയില്‍ കെട്ടിവെച്ചാല്‍ ‘മാതൃഭൂമി’യുടെ പ്രചാരം കുറയുമെന്ന് കരുതിയവര്‍ ഈ പത്രത്തിന്റെ ചരിത്രപരമായ ദൗത്യം എന്തെന്ന് അറിയാത്തവരാണെന്നും മുഖപ്രസംഗത്തിലുണ്ട്.
” എസ്. ഹരീഷ് ആഴ്ചപ്പതിപ്പിലെഴുതിയത് ഒരു നോവലാണ്. ഒരു ലേഖനമോ കുറിപ്പോ അല്ലെന്നോര്‍ക്കണം, അതൊരു ലേഖനമാണെന്ന മട്ടില്‍ വളച്ചൊടിച്ച് ദിനപത്രത്തിന് നേരെ കല്ലെറിയാന്‍ ശ്രമിച്ചവരില്‍ ‘മാതൃഭൂമി’ വായനക്കാരില്‍ കണ്ണുവെച്ചവരുമുണ്ടായിരുന്നു. ‘മാതൃഭൂമി’യെ ഒറ്റപ്പെടുത്തിക്കഴിഞ്ഞാല്‍ വായനക്കാര്‍ തങ്ങളുടെ കൂടെ വരുമെന്ന് അവര്‍ സ്വപ്നംകണ്ടു. ..
ബോധപൂര്‍വം ‘മാതൃഭൂമി’ക്കെതിരേ തയ്യാറാക്കിയ പോസ്റ്റുകളും ‘മാതൃഭൂമി’ വിരുദ്ധ ട്രോളുകളും കൃത്യമായി ഉന്നംവെക്കുന്നത് ഞങ്ങളുടെ മതേതര നിലപാടുകളെ ആയിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ‘മാതൃഭൂമി’ക്കെതിരേയാണെങ്കിലും അതു സമൂഹത്തില്‍ സൃഷ്ടിക്കാനിടയുള്ള വിദ്വേഷത്തിന്റെ ഭാഷയെക്കുറിച്ച് ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ടെന്നും മുഖപ്രസംഗം പറയുന്നു. ചില സിനിമക്കാരും ൈകയേറ്റക്കാരും മടിയില്‍ കനമുള്ളവരുമൊക്കെ മാതൃഭൂമിയെ വിമര്‍ശിക്കുന്നുണ്ടെന്നും മാതൃഭൂമി വിശദീകരിക്കുന്നു.
നോവല്‍ പിന്‍വലിച്ചുവെങ്കിലും മാതൃഭൂമി നോവലിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ വര്‍ഗ്ഗീയ നിലപാടായാണ് ചിത്രീകരിക്കുന്നതെന്ന ആക്ഷേപം ഹിന്ദു സംഘടനകള്‍ക്കുണ്ട്. മാതൃഭൂമി വിഷയത്തില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ പത്രം ബഹിഷക്കരിക്കുമെന്നും ചില സംഘടനകള്‍ സോഷ്യല്‍ മീഡിയകളിലൂടെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അത്തരം വെല്ലുവിളികളെ പൂര്‍ണമായും തള്ളിയുന്നതാണ് മാതൃഭൂമിയുടെ മുഖപ്രസംഗം
മുഖ പ്രസംഗം പുറത്തു വന്നതോടെ ഹിന്ദു സമുദായ സംഘടനകള്‍ മാതൃഭൂമി ബഹിഷ്ക്കരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പത്രം ഒന്നാം തിയതി മുതല്‍ ബഹിഷ്ക്കരിക്കണമെന്ന് എന്‍എസ്എസ് താലൂക്ക് സെക്രട്ടറിമാര്‍ മുഖേല കരയോഗങ്ങളെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദു ഐക്യവേദിയും ബഹിഷക്കരണ ക്യാമ്പയിനുമായി രംഗത്തുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള ബഹിഷ്ക്കപണ ക്യാമ്പയിനും ശക്തമായി നടക്കുന്നുണ്ട്.
വിഷയത്തില്‍ സംഘപരിവാര്‍ നേരത്തെ ബഹിഷ്ക്കരണം ഉള്‍പ്പടെ ഉള്ള പ്രതിഷേധവുമായി എത്തിയിരുന്നില്ല. എന്നാല്‍ നോവല്‍ പിന്‍വലിച്ചതിന് ശേഷം സംഘപരിവാറാണ് പ്രതിഷേധത്തിന് പിന്നിലെന്ന് മാതൃഭൂമി ചില സാംസ്ക്കാരിക നായകരെയും മറ്റും ഉപയോഗിച്ച് പ്രചരിപ്പിച്ചുവെന്ന് ആക്ഷേപമാണ് അവര്‍ക്കുള്ളത്. മാതൃഭൂമി മാപ്പ് പറയാന്‍ തയ്യാറാകാതെ ഇതേ നിലപാടുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തില്‍ ബഹിഷ്ക്കരണം ഉള്‍പ്പടെ ഉള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സംഘപരിവാര്‍ അനുകൂല സംഘടനകളുടെയും, ഹിന്ദു സമുദായ സംഘടനകളുടെയും തീരുമാനം. മാതൃഭൂമിക്കെതിരെ തുടക്കം മുതല്‍ ബ്രഹ്മണ സഭ പോലുള്ള സംഘടനകളാണ് രംഗത്തെത്തിയിരുന്നത്.
Discussion about this post