(സ്പര്‍ശമണികള്‍)
ജി.കെ. സുരേഷ് ബാബു
കാശ്മീര്‍ ഭാരതാംബയുടെ ശിരസ്സിലെ പൊന്‍കിരീടമാണ്. മഹര്‍ഷി കശ്യപന് തപസ്സു ചെയ്തതുകൊണ്ട് കാശ്മീരം എന്ന് പേര് ലഭിച്ച സ്ഥലം. 88 കളില്‍ പാക്കിസ്ഥാന് ചാരസംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ വിഘടനവാദികളും ഭീകരരും അവിടെ ശക്തി പ്രാപിക്കുംവരെ കാശ്മീര്‍ ശാന്തമായിരുന്നു. സഞ്ചാരികളുടെ സ്വര്‍ഗ്ഗഭൂമി. ഭൂമിയിലെവിടെയെങ്കിലും ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് എന്ന് കാശ്മീരിനെക്കുറിച്ചു പറഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവിന്റെ വൈകൃതങ്ങളാണ് കാശ്മീരിനെ ഇന്നത്തെ സാഹചര്യത്തിലെത്തിച്ചത്.
നാനാജാതി മതസ്ഥരും സര്‍വ്വധര്‍മ്മ സമഭാവനയോടെ സ്വന്തം ആചാരവിശ്വാസങ്ങള്ക്കനുസരിച്ച് കഴിയുന്ന ഭാരതത്തില്‍ മതം ഏതെങ്കിലും ഒരു സംസ്ഥാനത്തെ ജീവിക്കാനുളള അവകാശവുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. പാക് അധീന കാശ്മീരില്‍നിന്ന് എത്തിയ ഭീകരരോടൊപ്പം കാശ്മീരിലെ മുസ്ലീം ഭീകരര്‍ നടത്തിയ ആക്രമണങ്ങളിലാണ് സഹസ്രാബ്ദങ്ങളായി അവിടെ താമസിച്ചിരുന്ന കാശ്മീരി പണ്ഡിറ്റുകള്‍ അവിടം വിട്ടൊഴിയേണ്ടിവന്നത്. ജമ്മുവിലും ഡല്‍ഹിയിലുമായി ഏതാണ്ട് പത്തുലക്ഷത്തിനടുത്ത് കാശ്മീരി പണ്ഡിറ്റുകളാണ് അഭയാര്ത്ഥിക്യാമ്പുകളില് ഉളളത്. 20 മുറികള്‍വരെ ഉണ്ടായിരുന്ന വലിയ വീടുകളില്‍ താമസിച്ചിരുന്ന, ഏക്കര്‍കണക്കിന് ആപ്പിളും വാല്‍നട്ടും തോട്ടങ്ങളുണ്ടായിരുന്ന പണ്ഡിറ്റുകള്‍ ഇപ്പോള്‍ ഒരുമുറിയും അടുക്കളയുമുളള ക്യാമ്പുകളിലാണ് താമസിക്കുന്നത്. അവരുടെ ദൈന്യത കാണാത്ത നേതാക്കളില്ല.
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പണ്ഡിറ്റുകളുടെ കാശ്മീരിലെ പുനഃരധിവാസം. അതിനുവേണ്ടി കഴിഞ്ഞ ബജറ്റില്‍ 500 കോടി രൂപയും മാറ്റിവെച്ചു. ഈ തുക ഉപയോഗിച്ച് പണ്ഡിറ്റുകള്‍ക്ക് താമസത്തിനായി പ്രത്യേക കോളനികള്‍ ഒരുക്കുമെന്നാണ് കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് പറഞ്ഞത്. പക്ഷേ, ആ പ്രസ്താവന മണിക്കൂറുകള്‍ക്കകം പിന്‍വലിക്കേണ്ടിവന്നു. മുഫ്തി മുഹമ്മദിന് പിന്തുണ നല്‍കിയിരുന്ന കാശ്മീരിലെ വിഘടനവാദി ഭീകരപ്രസ്ഥാനങ്ങള്‍ ഈ നീക്കത്തിനെതിരെ രംഗത്തുവന്നു. പിറന്നമണ്ണില്‍ കാശ്മീരി പണ്ഡിറ്റുകള്‍ക്ക് പുനഃരധിവാസം ഒരുക്കുന്നത് മുസ്ലീം താല്പര്യത്തിന് എതിരാണെന്നായിരുന്നു അവരുടെ പക്ഷം. സയ്യിദ് ഗിലാനി അടക്കമുളള മുസ്ലീം ഭീകരര്‍ ഇക്കാര്യം തുറന്നടിക്കുക തന്നെ ചെയ്തു. ഹിന്ദു ഭൂരിപക്ഷമുണ്ടായിരുന്ന ഒരു നാട്ടില്‍ മതപരിവര്‍ത്തനംകൊണ്ട് മുസ്ലീം ഭൂരിപക്ഷമായാല്‍ പിന്നെ ഹിന്ദുക്കള്‍ അവിടെ താമസിക്കുന്നത് തങ്ങളുടെ താല്പര്യത്തിന് എതിരാണെന്ന് മുസ്ലീങ്ങള്‍ പറയുന്നതാണോ ഭാരതത്തിന്റെ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വം? ഇതാണോ ഭീം റാവു അംബേദ്കറിന്റെ നേതൃത്വത്തില്‍ ഭരണഘടനാശില്പികള് സ്വപ്നംകണ്ട മതേതര ഭാരതം. ‘എന്നെ വെട്ടിമുറിച്ചു മാത്രമേ ഭാരതത്തെ വിഭജിക്കാന്‍ അനുവദിക്കൂ’ എന്നുപറഞ്ഞ മഹാത്മാഗാന്ധി വിഭാവനചെയ്ത രാമരാജ്യം?
മഹാത്മാഗാന്ധിജിയെയും സര്‍ദാര്‍ പട്ടേലിനെയും കബളിപ്പിച്ച നെഹ്റുവിന്റെ വിഷയലമ്പടത്വമാണ് കാശ്മീരിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. കാശ്മീരില്‍ ഹിന്ദുക്കള്‍ താമസിക്കാന്‍ അനുവദിക്കില്ല, അത് മുസ്ലീം താല്പര്യത്തിന് എതിരാണ് എന്ന് കാശ്മീര്‍ വിഘടനവാദികളായ മുസ്ലീം ഭീകരര്‍ പറയുമ്പോള്‍ അതിനെ അപലപിക്കാന്‍, അതിനെതിരെ ജനവികാരം ഉണര്‍ത്താന്‍ എത്ര മാധ്യമങ്ങള്‍ തയ്യാറായെന്ന് വിലയിരുത്തേണ്ടതുണ്ട്. അതേസമയം മുംബൈയില്‍ ഒരു കമ്പനിയില്‍ അഭിമുഖത്തിനുവന്ന ഒരാളിന് ജോലി നിഷേധിക്കപ്പെട്ടപ്പോള്‍ ജോലി നിഷേധിച്ചത് മുസ്ലീമായതുകൊണ്ടാണെന്ന് പ്രചരിപ്പിക്കാന്‍, വാര്‍ത്തകൊടുക്കാന്‍ എന്തു വ്യഗ്രതയായിരുന്നു. ഇന്നും ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുളള ഭാരതത്തില്‍ ഏതെങ്കിലും സംസ്ഥാനത്ത്, നഗരത്തില്‍, ഗ്രാമത്തില്‍ മുസ്ലീങ്ങള്‍ ഹിന്ദുതാല്പര്യത്തിന് എതിരാണ് എന്നുപറഞ്ഞ് താമസിക്കാന്‍ അനുവദിക്കില്ല എന്നുപറഞ്ഞാല്‍ അത് അംഗീകരിക്കാനാകുമോ? മുസ്ലീങ്ങള്‍ക്ക് ഒരു നിയമവും ഹിന്ദുക്കള്‍ക്ക് മറ്റൊരു നിയമവും അനുശാസിക്കാന്‍ ആകുമോ. കാശ്മീരിലെ ഭീകരര്‍ ഭാരതത്തിലെ മുഴുവന്‍ മുസ്ലീങ്ങള്‍ക്കും അശാന്തിയുടെ ദിനരാത്രങ്ങള്ക്കുളള വിത്തുകളാണ് എറിയുന്നത്. കാശ്മീരില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി താമസിച്ചുവന്നിരുന്ന പണ്ഡിറ്റുകള്‍ ക്രൂരമായ കൊളളയും കൊലപാതകവും ബലാല്‍സംഗവും കാരണമാണ് അഭയാര്ത്ഥിക്യാമ്പുകളില് എത്തപ്പെട്ടത്. അവരെ മടക്കിക്കൊണ്ടു വരാനും പുനഃരധിവസിപ്പിക്കാനുമുളള ശ്രമങ്ങള്‍ക്കെതിരെ മതത്തിന്റെ പേരിലായാലും ജിഹാദിന്റെ പേരിലായാലും രംഗത്തുവരുന്നത് ഉരുക്കുമുഷ്ടികള്‍ കൊണ്ട് ചെറുക്കണം. അതിനുവേണ്ടി പ്രാപ്തരായ യുവാക്കള്‍ പൃഥ്വിരാജിന്റെ വംശപരമ്പരയില്‍ ഇനിയുമുണ്ടെന്ന് ഭീകരരെ ബോധ്യപ്പെടുത്തണം. സര്‍ക്കാരിന് അതിന് കഴിയില്ലെങ്കില്‍ ആ വെല്ലുവിളി നേരിട്ട് ഏറ്റെടുക്കാന്‍ ഹിന്ദു സംഘടനകള്‍ക്ക് കഴിയണം.
ഭാരതത്തിലെ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ ഇന്ത്യക്കു പുറത്തുനിന്ന് വന്നവരല്ല. നമ്മുടെ പൂര്‍വ്വ പ്രപിതാമഹന്മാരുടെയും മഹതികളുടെയും വംശധാരയില്, അതേ രക്തത്തില്‍, ബീജത്തില്‍ പിറന്നവരാണ് അവരും. ആരാധനാക്രമങ്ങളില്‍ വന്ന മാറ്റംകൊണ്ടു മാത്രം പരസ്പരം രക്തപ്പുഴകള്‍ ഒഴുക്കാനും കൊന്നൊടുക്കാനും മതത്തിന്റെ പേരില്‍ വംശഹത്യ നടത്താനും തുനിയേണ്ട കാര്യമുണ്ടോ എന്ന് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത യഥാര്‍ത്ഥ ഇസ്ലാമുകളെങ്കിലും ആലോചിക്കണം. സ്വാതന്ത്ര്യപുലരിയില്‍ വാഗാ അതിര്‍ത്തി കടന്നെത്തിയ തീവണ്ടി നിറയെ ഹിന്ദുക്കളുടെ ശവശരീരം സമ്മാനമായി അയച്ച പാക്കിസ്ഥാന് ഇന്ന് ഷിയാകളുടെയും സുന്നികളുടെയും പേരില്‍ പരസ്പരം പോരാടി ചോര ചിന്തുന്നു. അഹമ്മദീയാക്കള്‍ പോലെയുളള മൃദു ഇസ്ലാമികള്‍ക്ക് പീഡനവും വംശനാശവുമാണ് അവര്‍ വിധിച്ചിരിക്കുന്നത്. വിഭജനം നടന്നപ്പോള്‍ പാക്കിസ്ഥാനില്‍ ഉണ്ടായിരുന്ന 26 ശതമാനം വരുന്ന ഹിന്ദു ജനസംഖ്യ ഒരുശതമാനമായി കുറഞ്ഞിരിക്കുന്നു. ബംഗ്ലാദേശിലുണ്ടായിരുന്ന 29 ശതമാനം ഹിന്ദുക്കള്‍ ഒന്‍പത് ശതമാനമായി കുറഞ്ഞിരിക്കുന്നു. എവിടെപോയി ഈ ഹിന്ദുക്കള്‍? അവരെ പീഡിപ്പിച്ചതിന്റെയും മതം മാറ്റിയതിന്റെയും വംശഹത്യ നടത്തിയതിന്റെയും കഥകള്‍ തസ്ലീമ നസ്രീന് അടക്കമുളള മുസ്ലീം എഴുത്തുകാര്‍ തന്നെ വിവരിച്ചിട്ടുണ്ട്. പക്ഷേ, ഭാരതത്തിലോ, മുസ്ലീങ്ങള്‍ ഓരോ ജനസംഖ്യാ കണക്കെടുപ്പിലും ക്രമാതീതമായ വര്‍ദ്ധന രേഖപ്പെടുത്തുന്നു. സംവരണം മുതല്‍ എന്തെല്ലാം ആനുകൂല്യങ്ങള്‍, മുല്ലായ്ക്കും മുക്രിക്കും പെന്ഷന് മുതല്‍ ഹജ്ജിനു പോകാന്‍ സബ്സിഡി വരെ. പാക്കിസ്ഥാനും ബംഗ്ലാദേശും കാശ്മീരിലെ സംഭവവികാസങ്ങളും ഭാരതത്തിലെ ഭൂരിപക്ഷ സമുദായത്തെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചാല്‍ ആര്‍ക്കെങ്കിലും കുറ്റംപറയാന്‍ ആകുമോ? കാശ്മീരിലെ ഹിന്ദുക്കള്‍ എവിടേക്കാണ് പോകേണ്ടത് എന്നുകൂടി ഗിലാനി പറയുമോ?
Discussion about this post