രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് ജര്‍മ്മനിയില്‍ നിന്നും കണ്ടെടുത്തു. ജര്‍മ്മനിയിലെ കൊളോഗനില്‍ നിന്നുമാണ് യുദ്ധം നടന്ന് ഏഴ് പതിറ്റാണ്ടുകള്‍ക്കിപ്പുറം പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷ കണക്കിലെടുത്ത് സമീപ പ്രദേശത്തെ 20,000ത്തോളം ജനങ്ങളെ ഒഴിപ്പിച്ചു. ഒരു മെട്രിക് ടണ്‍ ഭാരം വരുന്ന ബോംബ് 16 അടി താഴ്ചയില്‍ നിന്നുമാണ് കണ്ടെടുത്തത്.
ഫയര്‍ ഫോഴ്‌സിലേയും ദുരന്ത നിവാരണ സംഘടനകളുടേയും 800ഓളം ഉദ്യോഗസ്ഥരെത്തി ബോംബ് നിര്‍വ്വീര്യമാക്കി. പൈപ്ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്. എഴുപത് വര്‍ഷങ്ങള്‍ക്കു ശേഷവും ജര്‍മനിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊട്ടിത്തെറിക്കാതെ അവശേഷിച്ച ബോംബുകള്‍ കണ്ടെത്താറുണ്ട്.
Discussion about this post