തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങിലെ വിവാദങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞ് മോഹന്‍ലാല്‍. സിനിമാ മേഖലയിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു.ഒരിക്കലും നിങ്ങളെ വിട്ട് സിനിമയെ വിട്ട് മറ്റൊരു മേച്ചില്പുറം തേടി ഞാന്‍ പോയിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ ആദരിക്കുന്നത് കാണാനുള്ള അവകാശം എനിക്കുണ്ട് .
അവാര്‍ഡുകള്‍ ലഭിക്കാത്തതുകൊണ്ട് ലഭിച്ചവരോട് അസൂയ തോന്നിയിട്ടില്ല. ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിച്ചപ്പോള്‍ തനിക്ക് അദ്ദേഹത്തോളം അഭിനയിക്കാന്‍ സാധിച്ചില്ലല്ലോ എന്നാണ് തോന്നിയത്. അതു തന്നെയാണ് എനിക്ക് എപ്പോഴും തോന്നാറുള്ളത്. തനിക്ക് അവരെ പോലെ അഭിനയിക്കാന്‍ സാധിക്കാത്തതിനാലാണ് അവാര്‍ഡ് ലഭിക്കാത്തതെന്ന് ഓര്‍ക്കാറുണ്ട്. അത് അവാര്‍ഡിനോടുള്ള മോഹം കൊണ്ടല്ല , മറിച്ച് സാക്ഷാത്ക്കാരത്തിന് വേണ്ടിയാണ്. അത് ഇനിയും തുടരുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
അവര്‍ക്കിടയിലേക്ക് വരാന്‍ എനിക്ക് ആരുടെയും അനുവാദം ആവശ്യമില്ല.നമ്മളെല്ലാവരും ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഒരു കുടുംബം പോലെയാണ് നമ്മള്. അതുകൊണ്ടു തന്നെ ചടങ്ങിന് വരുമ്പോള്‍ മുഖ്യാതിഥിയാണെന്ന് തോന്നിയിട്ടില്ല. ഷൂട്ടിങ് ഇല്ലാത്ത സമയത്തെ ഒരു ഒത്തുകൂടലായി മാത്രമെ ഇതിനെ കാണുന്നുള്ളൂ. ഇന്നോളം സിനിമയില്‍ നിന്ന് മാറിനില്‍ക്കാനും മറ്റ് മേച്ചിന്‍ പുറങ്ങള്‍ തേടി പോകാനും താന്‍ ഇതുവരെ മുതിര്‍ന്നിട്ടില്ല. എത്രനാള്‍ തനിക്ക് തുടരാന്‍ സാധിക്കുമെന്ന് അറിയില്ലെങ്കിലും ഉള്ളതുവരെ നിങ്ങള്‍ക്കിടയിലും സിനിമയിലും തനിക്കും ഒരു സ്ഥാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറഞ്ഞു.
തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം സമ്മാനിച്ചു . സാംസ്കാരിക മന്ത്രി എകെ ബാലന് , മന്ത്രി കടകം പള്ളി സുരേന്ദ്രന് , മന്ത്രി ഇ ചന്ദ്രശേഖരന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് നടപടികള്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രിക്കും മന്ത്രി എകെ ബാലനും നന്ദി അറിയിക്കുന്നു. സിനിമാ മേഖലയിലുള്ളവരെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരാണ്.
Discussion about this post