സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി നറുക്കെടുപ്പ് തത്സമയമായി ടി.വിയിലൂടെ കാണിക്കാന്‍ പദ്ധതിയിട്ട് സര്‍ക്കാര്‍. ഇതിനായി പാര്‍ട്ടിയുടെ ചാനലിനെ തിരഞ്ഞെടുത്തതിനെതിരെ വിമര്‍ശനവുമായി മാധ്യമങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഓഗസ്റ്റ് 17 മുതലാണ് ലോട്ടറി മേഖലയില്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോകുന്നത്.
ടി.വിയിലൂടെ തത്സമയമായി കാണിക്കുന്നത് മൂലം ഫലം അപ്പപ്പോള്‍ അറിയാന്‍ സാധിക്കും. ഗോര്‍ഖി ഭവനിലെ വാടകയ്ക്കെടുത്ത സ്റ്റുഡിയോയിലായിരിക്കും ഇനി മുതല്‍ നറുക്കെടുപ്പ് നടക്കുക. ഇതിന്റെ ദൃശ്യങ്ങള്‍ നേരിട്ട് ചാനല്‍ സ്റ്റുഡിയോയില്‍ എത്തിക്കുകയും അവിടുന്ന തത്സമയമായി സംപ്രേഷണം ചെയ്യാനുമാണ് തീരുമാനം. ഇതിന് മുമ്പ് ശ്രീചിത്ര പൂവര്‍ ഹോമിലായാരുന്ന നറുക്കെടുപ്പ് നടത്തിയിരുന്നത്. മാറ്റങ്ങളുടെ ഭാഗമായി രണ്ട് പുതിയ നറുക്കെടുപ്പ് യന്ത്രങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ഇതിന് മുമ്പ് കറങ്ങുന്ന യന്ത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. പുതിയ യന്ത്രത്തിനും സ്റ്റുഡിയോയ്ക്കുമായി ഏതദേശം ഒന്നേ മുക്കാല്‍ കോടി രൂപയാണ് സര്‍ക്കാര്‍ ചിലവിട്ടത്.
ഇപ്പോഴുള്ള യന്ത്രത്തിന്റെ പരിമിതി കാരണം 10 സീരീസുകളിലാണ് നറുക്കെടുപ്പ് നടത്താന്‍ കഴിയുക. എന്നാല്‍ പുതിയ യന്ത്രം വരുന്നത് വഴി 12 സീരീസ് വരെ നറുക്കെടുപ്പ് നടത്താന്‍ സാധിക്കും. സാധാരണയായി ഉച്ചക്ക് 2:30ക്ക് നടക്കാറുള്ള നറുക്കെടുപ്പ് പൂര്‍ത്തിയാകുമ്പോള്‍ നാലു മണിയാകാറാണ് പതിവ്. നാലരയോടെ ലോട്ടറി വകുപ്പിന്റെ വെബ്സൈറ്റിലും പിറ്റേന്നു പത്രങ്ങളിലും ഫലം പ്രസിദ്ധീകരിക്കും. പുതിയ മെഷീനില്‍ അര മണിക്കൂര്‍ കൊണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയാകുകയും ഫലം ഉടനടി അറിയാനും സാധിക്കും.
Discussion about this post