പൂണെയില്‍ നിന്നും 14 ലക്ഷം ലിറ്റര്‍ കുടിവെള്ളം കൊണ്ടുവരുന്ന ഇന്ത്യന്‍ റെയില്‍വെയുടെ പ്രത്യേക ചരക്ക് തീവണ്ടി കേരളത്തിലേക്ക് പുറപ്പെട്ടു. 29 വാഗണുകളുള്ള ഈ തീവണ്ടി 19ാം തീയ്യതി കേരളത്തിലെ കായംകുളത്തെത്തും. ഇതില്‍ 15 കോച്ചുകളില്‍ വെള്ളം നിറച്ചത് മധ്യപ്രദേശിലെ രത്‌ലമില്‍ നിന്നാണ്. ബാക്കിയുള്ള 14 കോച്ചുകളില്‍ വെള്ളം നിറച്ചത് പൂണെ കോച്ചിംഗ് കോംപ്ലക്‌സില്‍ നിന്നാണ്. ഇതിനായി പൂണെ ഫയര്‍ ബ്രിഗേഡും സഹായം നല്‍കിയിരുന്നു.
കേരളത്തിന് വെള്ളം ഏറ്റവും വേഗത്തില്‍ നല്‍കാന്‍ ഏത് ഡിവിഷനാണ് സാധിക്കുക എന്ന് റെയില്‍വെ മന്ത്രാലയം ചോദിച്ചിരുന്നു. പൂണെയിലെ ഡിവിഷണല്‍ റെയില്‍വെ മാനേജറായ മിലിന്ദ് ദേയുസ്‌കറാണ് ഈ ദൗത്യം ഏറ്റെടുത്തത്. മധ്യപ്രദേശില്‍ നിന്നും വെള്ളം നിറച്ച 15 വാഗണുകള്‍ പൂണെയില്‍ എത്തിയ ശേഷം ബാക്കി 14 വാഗണുകളോട് കൂടി ശനിയാഴ്ച (18 ഓഗസ്റ്റ്) തീവണ്ടി പുറപ്പെട്ടു. ഈ തീവണ്ടിക്ക് ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പൂണെ കൂടാതെ ഇന്ത്യന്‍ റെയില്‍വെയുടെ മധുര ഡിവിഷനും കേരളത്തിന് കുടിവെള്ളം നല്‍കിയിട്ടുണ്ട്. 2.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവര്‍ ഈറോഡ് ജംഗ്ഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് അയച്ചത്. ഇത് കൂടാതെ ദുരിതാശ്വാസത്തിന് വേണ്ട മറ്റ് സാമഗ്രികള്‍ ഉള്‍പ്പെടുത്തിയുള്ള ട്രെയിനുകളും ഇന്ത്യന്‍ റെയില്‍വെ കേരളത്തിലേക്ക് അയക്കാന്‍ പദ്ധതിയുണ്ട്.
അതേ സമയം കേരളത്തിന് 20 കോടി രൂപ മഹാരാഷ്ട്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പിംപ്രി-ഛിംച്‌വഡ് കോര്‍പ്പറേറ്ററായ ബാബു നായര്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ് ഫഡ്‌നാവിസിനോട് സഹായമഭ്യര്‍ത്ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം കേരളത്തിന് 20 കോടി രൂപ നല്‍കാമെന്ന് തീരുമാനിച്ചത്. അദ്ദേഹം മഹാരാഷ്ട്രയിലുള്ള എല്ലാവരോടും കേരളത്തെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Discussion about this post