പ്രളയം സംഭവിക്കുന്നതിനിടെ പൂര്‍ണ്ണ ഗര്‍ഭിണിയായി കളത്തിങ്ങല്‍ സാജിദ ജബീലിനെ ആലുവയിലെ ഒരു വീടിന്റെ ടെറസില്‍ നിന്നും നേവി കമാന്‍ഡര്‍ വിജയ് വര്‍മ്മയും സംഘവും അതിസാഹസികമായി രക്ഷിച്ചിരുന്നു. തുടര്‍ന്ന് അതേ ദിവസം ഉച്ചയ്ക്ക് കൊച്ചിയിലെ സൈനിക ആശുപത്രിയില്‍ ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയിരുന്ന വിജയ് വര്‍മ്മയും സംഘവും ഇന്നലെ തങ്ങള്‍ രക്ഷിച്ചെടുത്ത അമ്മയെയും അവര്‍ ജന്മം നല്കിയ കുഞ്ഞിനെയും കാണാന്‍ ചെന്നിരുന്നു. സമ്മാനങ്ങളുമായാണ് നേവി സംഘം ആശുപത്രിയിലെത്തി അമ്മയേയും കുഞ്ഞിനേയും സന്ദര്‍ശിച്ചത്.
സാജിദയെ രക്ഷിക്കുമ്പോള്‍ രണ്ടു ജീവന് രക്ഷിക്കുക എന്ന ചിന്ത മാത്രമാണ് തന്റെ മനസ്സിലുണ്ടായിരുന്നതെന്ന് വിജയ് പറഞ്ഞു. ആ നിമിഷങ്ങള്‍ മറക്കാനാവാത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സാജിദ താമസിച്ചിരുന്നു കെട്ടിടം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടിയെന്നും വിജയ് പറഞ്ഞു. കണ്ടെത്തിയതിന് ശേഷം ആദ്യം ഡോക്ടറായ മഹേഷിനെ താഴെയിറക്കുകയായിരുന്നു. സാജിദയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റണമെന്ന് മഹേഷ് പറഞ്ഞിരുന്നു. എന്നാല്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരാളെ ഹെലികോപ്്റ്ററുപയോഗിച്ച് ഉയര്‍ത്തുന്നതില്‍ അപകട സാധ്യതയുണ്ടായിരുന്നു. എന്നാലും താന്‍ വേറൊന്നും ആലോചിച്ചില്ലെന്ന് വിജയ് പറഞ്ഞു. സാജിദ ധൈര്യപൂര്‍വ്വം തയാറാകുകയും നിര്‍ദേശങ്ങളെല്ലാം അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തുവെന്നും രക്ഷാപ്രവര്‍ത്തക സംഘം വ്യക്തമാക്കി.
Discussion about this post