പ്രളയത്തില്‍ നിന്നും കരകയറാന്‍ കഷ്ടപ്പെടുന്ന കേരളത്തിന് ഒരേക്കര്‍ ഭൂമിയാണ് പയ്യന്നൂരിലെ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. പയ്യന്നൂര്‍ ഷേണായി സ്മാരക സ്കൂളിലെ സ്വാഹയാണ് ഈ തീരുമാനം എടുത്തത്. പിതാവ് ശങ്കരന് സ്വാഹയ്ക്കും സ്വാഹയുടെ അനുജനായ ബ്രഹ്മയ്ക്കും എഴുതിവെച്ച് സ്ഥലമാണ് സംഭാവനയായി നല്‍കിയത്. ഇതില്‍ പിതാവിനും സമ്മതം മാത്രമെയുള്ളു.
പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മക്കളാണ് സ്വാഹയും ബ്രഹ്മയും. പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലത്തിന് മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപ വില വരും. സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക സംഭാവനയായി നല്കാന് ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് സ്വാഹയും ബ്രഹ്മയും സ്കൂള്‍ പ്രിന്സിപ്പലിനെഴുതിയ കത്തും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
ഒന്‍പതാം ക്ലാസ് വരെ സ്വാഹയെയും അനുജന് ബ്രഹ്മയെയും പഠിപ്പിച്ചത് സംസ്കൃത വിദ്വാനായ അച്ഛനാണ്. പിന്നീട് ഷേണായ് സ്മാരക സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു. പത്താം ക്ലാസില്‍ സ്വാഹ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടുണ്ട്.
എന്നാല്‍ ഈ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതില്‍ ചില സാങ്കേതിക തടസ്സങ്ങളുണ്ട്. ഇത് എത്രയും വേഗം നീക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പീര്‍ മുഹമ്മദ് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉരുള്‍ പൊട്ടലിലും മറ്റും വീടും സ്ഥലവും നഷ്ടപ്പെട്ട ആള്‍ക്കാരെ ഇങ്ങോട്ട് സ്ഥലം മാറ്റാനാണ് അധികൃതര്‍ തീരുമാനിക്കുന്നത്.
Discussion about this post