ഡല്‍ഹി :കേരളത്തിലെ പ്രളയദുരന്തം നേരിടാന്‍ യു.എ.ഇ. സര്‍ക്കാര്‍ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അതു സ്വീകരിക്കാനാവുമോയെന്നതിന് ഇന്ത്യയുടെ നിലവിലെ നയം തടസ്സം. വിദേശരാജ്യങ്ങളില്‍നിന്ന് ഇത്തരം സഹായങ്ങള്‍ സ്വീകരിക്കില്ലെന്നാണ് ഇന്ത്യയുടെ പ്രഖ്യാപിതനയം. ഉത്തരാഖണ്ഡില്‍ പ്രളയമുണ്ടായപ്പോള്‍ അമേരിക്കയും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഇന്ത്യ അവ സ്വീകരിച്ചിരുന്നില്ല. മന്മോഹന് സിങ് സര്‍ക്കാര്‍ എ.ഡി.ബി.യില്‍നിന്നും ലോകബാങ്കില്‍നിന്നും വായ്പയെടുക്കുകയാണ് ചെയ്തത്.
അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഭാഗത്തുനിന്നാണ് സഹായവാഗ്ദാനം ഉണ്ടാവുന്നതെങ്കില്‍ അതു സ്വീകരിക്കാന്‍ തടസ്സമുണ്ടാവില്ല. അങ്ങോട്ട് അങ്ങനെയൊരു നിര്‍ദ്ദേശം ഇന്ത്യ ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ട് വെക്കില്ല. അത്തരമൊരു സാഹചര്യം കേന്ദ്രത്തിനില്ലെന്നും, പ്രളയക്കെടുതി നേരിടാനുള്ള കെല്പ് സ്വന്തം നിലയില്‍ രാജ്യത്തിനുണ്ടെന്നാണ് കേന്ദ്രനിലപാട്. മാത്രവുമല്ല ഐക്യരാഷ്ട്രസഭയുടെ ഫണ്ടിലേക്ക് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സംഭാവനയുണ്ട്. യുഎന്നില്‍ നിന്ന് വാഗ്ദാനം ഉണ്ടായാല്‍പോലും കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമേ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കൂ.
യു.എ.ഇ. സര്‍ക്കാരിന്റെ സഹായവാഗ്ദാനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് കേന്ദ്രത്തിനു ലഭിച്ചിട്ടില്ലെന്ന് ധനമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. കേന്ദ്രത്തിലൂടെ മാത്രമേ വിദേശസര്‍ക്കാരിന്റെ സഹായം ഏതെങ്കിലും സംസ്ഥാനത്തിനു കൈപ്പറ്റാനാവൂ.
എന്നാല്‍ സര്‍ക്കാര്‍ എന്ന നിലയിലല്ലാതെ വ്യക്തിപരമായ നിലയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആര്‍ക്കും സഹായം നല്‍കാം. ഉത്തരാഖണ്ഡ് പ്രളയകാലത്തും ഗുജറാത്ത് ഭൂകമ്പസമയത്തും അമേരിക്കയുള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍നിന്ന് സന്നദ്ധസംഘടനകള്‍വഴി സഹായം ലഭിച്ചിരുന്നു.ഇന്ത്യയിലെ സന്നദ്ധസംഘടനകളിലൂടെ സഹായം നല്‍കാവുന്നതാണ്
Discussion about this post