ലണ്ടൻ: ബ്രിട്ടണിൽ മലയാളി ഡോക്ടർ അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ആയ ആനന്ദ നാരായണൻ (33) ആണ് അന്തരിച്ചത്. കരൾരോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ലണ്ടനിലെ കിംഗ്‌സ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ അദ്ദേഹം കെയററായി ജോലി ചെയ്തുവരികയായിരുന്നു. ഗർഭിണിയായ ഭാര്യയെ തനിച്ചാക്കിയാണ് ആനന്ദിന്റെ യാത്ര.
ഭാര്യ ഹരിതയ്‌ക്കൊപ്പം ആണ് ആനന്ദിന്റെ താമസം. ഒന്നര വർഷം മുൻപായിരുന്നു ഇരുവരും ജോലിയ്ക്കായി യുകെയിലേക്ക് എത്തിയത്. മൂന്നര മാസം മുൻപായിരുന്നു ഹരിത ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെ വലിയ ആഹ്ലാദത്തിൽ ആയിരുന്നു ആനന്ദും കുടുംബവും. എന്നാൽ ഇതിനിടെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായി. ഇതിൽ വലിയ മാനസിക വിഷമത്തിൽ ആയിരുന്നു കുടുംബം. ഇതിനിടെയാണ് ആനന്ദിന് കരൾ രോഗം ബാധിച്ചത്.
ഇതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെ കരളിലും നെഞ്ചിലും അണുബാധയുണ്ടായി. പിന്നീട് ഇത് മറ്റ് അവയവങ്ങളെയും ബാധിക്കുകയായിരുന്നു. ഇതോടെ ആരോഗ്യനില വഷളായി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ഐസിയുവിൽ ആയിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മരുന്നുകളോട് ശരീരം പ്രവർത്തിക്കാതെ ആയതോടെ വെന്റിലേറ്റർ ഓഫ് ചെയ്യുകയായിരുന്നു. വെന്റിലേറ്റർ ഓഫ് ചെയ്യുന്ന കാര്യം അറിഞ്ഞതോടെ ഹരിത തളർന്ന് വീണു. കിംഗ്‌സ് ആശുപത്രിയിൽ തന്നെ ഹരിതയെ പ്രവേശിപ്പിക്കുകയായിരുന്നു. ഇപ്പോഴും ഹരിത അബോധാവസ്ഥയിലാണെന്നാണ് വിവരം.
വലിയ സാമ്പത്തിക ബുദ്ധിമുട്ട് ആയിരുന്നു ആനന്ദും കുടുംബവും അനുഭവിച്ചിരുന്നത്. ഇതിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടിയാണ് ആനന്ദ് യുകെയിലേക്ക് എത്തിയത്. ഇരുവരും ആയുർവേദ ഡോക്ടർമാർ ആണ്. 30 ലക്ഷം രൂപയുടെ കടബാദ്ധ്യതയാണ് കുടുംബത്തിന് ഉണ്ടായിരുന്നത്.
Discussion about this post