ഏഷ്യന്‍ ഗെയിംസില്‍ ഹോക്കിയുടെ സുവര്‍ണ്ണ കാലത്തെ അനുസ്മരിപ്പിക്കും വിധമാണ് ഇന്ത്യന്‍ ടീമിന്റെ പ്രകടനം. ഗ്രൂപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ പുരുഷ ടീം അടിച്ച് കൂട്ടിയത് 76 ഗോളുകളാണ്. ഹോങ്കോങ്ങിനെതിരെയുള്ള മത്സരത്തിലാണ് ടീം ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. എതിരില്ലാത്ത 26 ഗോളുകള്‍. 86 വര്‍ഷം നീണ്ട് നിന്ന റെക്കോഡാണ് ഇന്ത്യ ഇത് വഴി തിരുത്തിക്കുറിച്ചത്. 1932ല്‍ ഇന്ത്യന്‍ ടീം യു.എസ്.എക്കെതിരെ ലോസ് ആഞ്ചലസ് ഒളിംപിക്സില്‍ 24-1 എന്ന സ്കോറോട് കൂടി വിജയിച്ചിരുന്നു. ഈ റെക്കോഡാണ് ഇന്ത്യ മാറ്റിയത്. അതേസമയം ഏറ്റവും ഗോളുകള്‍ ഒരു കളിയില്‍ നേടുക എന്ന റൊക്കോഡ് ന്യൂസിലന്റ് തിരുത്തിക്കുറിച്ചിട്ടുണ്ട്. 1994ല്‍ സമോവയ്ക്കിട്ട് 36-1 ഗോളടിച്ചാണ് അവര്‍ റെക്കോഡിട്ടത്.
ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ അല്‍പ്പമെങ്കിലും ബഹുമാനിച്ചത് ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയയെ മാത്രമായിരുന്നു. ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ ടീം കളിച്ച വെറും അഞ്ചു മത്സരങ്ങളില്‍ ഇന്ത്യന്‍ പോസ്റ്റില്‍ വീണതാകട്ടെ കൊറിയ അടിച്ച മൂന്ന് ഗോള്‍ മാത്രമായിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 20 ഗോളുകള്‍ നേടിയിരുന്നു. ഇന്തോനേഷ്യയ്ക്കെതിരെ 17 ഗോളുകളാണ് നേടിയത്. ഇത് കൂടാതെ ജപ്പാനെതിരെ ഇന്ത്യ എട്ട് ഗോളുകളും അടിച്ചിരുന്നു.
കളിച്ച അഞ്ചു മത്സരങ്ങളിലും കൂടി ഇന്ത്യന്‍ ടീമിനായി 12 ഗോള്‍ നേടിയ രൂപീന്ദര്‍ പാല് സിംഗാണ് ടീമിലെ ടോപ് ഗോള്‍ സ്കോറര്‍. ഇതുവരെ ടീമിലെ 13 കളിക്കാര്‍ ഇന്ത്യയ്ക്കായി സ്കോര്‍ ചെയ്തു. രണ്ടു ക്വാര്‍ട്ടറുകളില്‍ മാത്രമാണ് നായകന് ഗോള്‍കീപ്പര്‍ ശ്രീജേഷ് കളിച്ചതെന്നതായിരുന്നു മറ്റൊരു സവിശേഷത.
Discussion about this post