2002 ജൂലൈ 23, നാറ്റ്‌വെസ്റ്റ് സിരീസ് കലാശപ്പോരിൽ ക്രിക്കറ്റിന്റെ ശ്രീകോവിലായ ലോർഡ്‌സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഉയർത്തിയ 326 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് നാലാമനായി ഇറങ്ങിയ സച്ചിൻ ടെണ്ടുൽക്കറുടെ വിക്കറ്റ് പെട്ടെന്ന് നഷ്ടമായി. ആഷ്‌ലി ജൈൽസിന്റെ പന്തിൽ ക്ലീൻ ബൗൾഡായ സച്ചിന്റെ സമ്പാദ്യം 14 റൺസ് മാത്രമായിരുന്നു. അന്ന് സച്ചിൻ പുറത്തായപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ട് ടിവി ഓഫാക്കിയ ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകർ കാണും.
എന്നാൽ, യുവരാജുമൊത്തുള്ള തകർപ്പൻ കൂട്ടുകെട്ടിലൂടെ പിന്നീട് ഈ മത്സരം വിജയിപ്പിച്ച മുഹമ്മദ് കൈഫിന്റെ മാതാപിതാക്കളും മേൽപ്പറഞ്ഞ വിഭാഗത്തിൽ പെടുന്നവരായിരുന്നു എന്നതാണ് ഏറെ രസകരം. സച്ചിൻ പുറത്തായപ്പോൾ, അക്കാലത്തെ ഒരു ശരാശരി ക്രിക്കറ്റ് ആരാധകനെ പോലെ കൈഫിന്റെ അച്ഛനും ടിവി ഓഫാക്കി സ്ഥലം വിട്ടു. തൊട്ടടുത്ത തിയേറ്ററിൽ പോയി ഷാരൂഖ് ഖാന്റെ സൂപ്പർ ഹിറ്റ് സിനിമയായ ദേവദാസ് കണ്ട് മടങ്ങി വരുമ്പോൾ, വീട്ടിൽ സീൻ ആകെ മാറിയിരുന്നു.
അയൽവാസികളും ആരാധകരും ഉത്തർപ്രദേശിലെ അലഹബാദിലെ കൈഫിന്റെ വീടിനു മുന്നിൽ പടക്കം പൊട്ടിച്ച് മതിമറന്ന് ആഘോഷിക്കുകയായിരുന്നു. ആഘോഷം കണ്ട് എന്താണെന്ന് ചോദിച്ചപ്പോഴാണ് സീനിയർ കൈഫിന് കാര്യം മനസിലായത്. യുവരാജിനൊപ്പം തകർത്തു കളിച്ച മകൻ അസംഭവ്യമെന്ന് കരുതിയ ഫൈനൽ വിജയത്തിലേക്ക് ടീം ഇന്ത്യയെ കൈപിടിച്ച് ഉയർത്തിയ വാർത്ത അത്ഭുതത്തോടെയാണ് അദ്ദേഹം ശ്രവിച്ചത്.
സച്ചിൻ രമേശ് ടെണ്ടുൽക്കർ എന്ന ചെറിയ മനുഷ്യൻ ഇന്ത്യൻ ക്രിക്കറ്റിൽ ആരായിരുന്നു എന്ന് വിവരിക്കാൻ ഇത്ര ലളിതമായ ഒരു ഉദാഹരണം വേറെ കിട്ടുമോ? ക്രിക്കറ്റിൽ സ്വന്തം മകനെക്കാൾ മുഹമ്മദ് താരിഫ് അൻസാരി എന്ന ആ പിതാവ് വിശ്വസിച്ചത് സച്ചിനെയായിരുന്നു.
അതെ, സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകർക്ക് സ്വന്തം കുടുംബാംഗത്തെ പോലെയാണ്. ഇത്രയ്ക്ക് സ്നേഹവും ആരാധനയും വേറൊരു ഇന്ത്യൻ കായിക താരത്തിനും ലഭിച്ചിട്ടുണ്ടാകില്ല. ഒരുപക്ഷേ ഇനി ഉണ്ടാവുകയുമില്ല.
200 ടെസ്റ്റുകളിൽ നിന്ന് 16,000ത്തിനടുത്ത് റൺസ്. 463 ഏകദിന മത്സരങ്ങളിൽ സച്ചിൻ അടിച്ചെടുത്തത് 18,000ത്തിലധികം റൺസ്. ടെസ്റ്റിലും ഏകദിനത്തിലുമായി 100 സെഞ്ചുറികൾ. 164 അർദ്ധ സെഞ്ചുറികൾ. ഐസിസി ക്രിക്കറ്റ് ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ഏഷ്യാ കപ്പ് തുടങ്ങി ഇതിഹാസ തുല്യമായ കരിയറിൽ മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തമാക്കിയ നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്.
കളിക്കളത്തിലെ എതിരാളികളുടെ പ്രകോപനങ്ങൾക്ക് ബാറ്റ് കൊണ്ട് മാത്രം മറുപടി നൽകുന്ന സച്ചിൻ ടെണ്ടുൽക്കർ വളർന്നു വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് എന്നും പ്രചോദനവും വഴികാട്ടിയുമാണ്. അസാമാന്യ പ്രതിഭ കൊണ്ട് ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടും ലാളിത്യം കൈവിടാത്ത മിതഭാഷിയായ സച്ചിൻ മാതൃകയുടെ ഉദാത്ത രൂപം തീർക്കുന്നു. അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന ക്രിക്കറ്റ് ദൈവത്തിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ.
Discussion about this post