എഫ്എ കപ്പ് ഫൈനൽ ഇത്തവണയും മാഞ്ചസ്റ്റർ ഡെർബി. എഫ്എ കപ്പിനായി മാഞ്ചസ്റ്റർ സിറ്റിയും മാഞ്ചസ്റ്റർ യുണൈറ്റഡും ഏറ്റുമുട്ടും. ആവേശകരമായ സെമി പോരാട്ടത്തിൽ ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ക്ലബ്ബായ കോവൻട്രിയെ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് യുണൈറ്റഡ് മറികടന്നത്.
മൂന്ന് ഗോളുകൾക്ക് മുന്നിൽ നിന്ന് ശേഷം നിശ്ചിത സമയത്തിന്റെ അവസാന 20 മിനിറ്റുകളിൽ മൂന്ന് ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. സ്‌കോർ 3-3ന് തുല്യത പാലിച്ചതോടെ പോരാട്ടം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. അധിക സമയത്ത് ഗോൾ പിറക്കാത്തതിനെ തുടർന്ന് വിജയിയെ തീരുമാനിക്കാൻ പെനാൽറ്റി ഷൂട്ട് ഔട്ട് വേണ്ടി വന്നു.
പെനാൽറ്റി ഷൂട്ട് ഔട്ടിൽ 4-2 എന്ന സ്‌കോറിനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കോവൻട്രിയെ തോൽപ്പിച്ചത്. ആദ്യ പെനാൽറ്റി എടുത്ത കാസെമിറോ കിക്ക് പാഴാക്കിയെങ്കിലും പിന്നീട് ഷൂട്ട് ചെയ്ത യുണൈറ്റഡ് താരങ്ങളും ഗോളി ആന്ദ്രേ ഒനാനയും ആത്മവീര്യം ചോരാതെ പോരാടുകയായിരുന്നു.
കോവൻട്രിയുടെ ഒ ഹെയറും ഷീഫും പെനാൽറ്റി മിസാക്കി. ഒ ഹെയറിന്റെ കിക്ക് ഒനാന സേവ് ചെയ്തപ്പോൾ ഷീഫ് പന്ത് ക്രോസ് ബാറിന് മുകളിലേക്ക് അടിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ച അവസാന കിക്ക് വലയിൽ എത്തിച്ചത് റാസ്മുസ് ഹൊയ്ലൻഡായിരുന്നു.
കളിയുടെ തുടക്കം മുതൽ അറ്റാക്ക് ചെയ്ത കളിച്ച യുണൈറ്റഡ് 23 ആം മിനിറ്റിൽ മക്ടോമിനേയിലുടെ ലീഡ് എടുത്തു. ഫസ്റ്റ് ഹാഫ് അവസാനിക്കുന്നതിന് തൊട്ട് മുൻപ് ഹാരി മഗ്വയർ റെഡ് ഡെവിൾസിന്റെ ലീഡ് ഉയർത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസ് കോവൻട്രി വല കുലുക്കി ലീഡ് 3-0മാക്കി.
എന്നാൽ, 71 ആം മിനിറ്റിൽ സിമ്സും 79 ആം മിനിറ്റിൽ ഒ ഹെയറും കോവൻട്രിക്കായി നേടിയ ഗോളുകൾ യുണൈറ്റഡിനെ സമ്മർദ്ദത്തിലാഴ്ത്തി. ഒടുവിൽ നിശ്ചിത സമയത്തിന്റെ അവസാനം സ്റ്റോപ്പേജ് ടൈമിൽ പെനാൽറ്റിയിലൂടെ കോവൻട്രി സമനില ഗോൾ കണ്ടെത്തുകയായിരുന്നു.
മേയ് 25ന് അരങ്ങേറുന്ന കലാശപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നഗര വൈരികളായ മാഞ്ചസ്റ്റർ സിറ്റിയുമായി കൊമ്പുകോർക്കും. നിലവിലെ എഫ്എ കപ്പ് ചാമ്പ്യൻമാരാണ് മാഞ്ചസ്റ്റർ സിറ്റി. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പുകളായിരുന്നു.
Discussion about this post