ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സനലിന് തകർപ്പൻ ജയം. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ചെൽസിയെ മറുപടിയില്ലാത്ത 5 ഗോളുകൾക്കാണ് പീരങ്കിപ്പട തകർത്തെറിഞ്ഞത്. നാലാം മിനിറ്റിൽ ലീഡെടുത്ത ആഴ്സനലിന്റെ ബാക്കി നാല് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു.
കളി തുടങ്ങി മിനിറ്റുകൾക്കകം ലിയാൻഡ്രോ ട്രൊസാർഡ് ചെൽസിയുടെ വലകുലുക്കി. ആദ്യ പകുതിയിൽ പിന്നീട് ഗോളുകൾ ഒന്നും പിറന്നില്ല. സെക്കന്റ് ഹാഫിന്റെ തുടക്കത്തിലായിരുന്നു ആഴ്സനൽ വിശ്വരൂപം പുറത്തെടുത്തത്.
52 ആം മിനിറ്റിൽ ബെൻ വൈറ്റ് ഗണ്ണേഴ്സിന്റെ ലീഡ് രണ്ടായി ഉയർത്തി.
5 മിനിറ്റ് കഴിഞ്ഞപ്പോൾ കയ് ഹാവെർട്സ് ആഴ്സനലിനായി സ്‌കോർ ചെയ്തു. 65 ആം മിനിറ്റിൽ ഹാവെർട്സ് മത്സരത്തിലെ തന്റെ രണ്ടാം ഗോൾ നേടി. തീർന്നില്ല, 70 ആം മിനിറ്റിൽ ബെൻ വൈറ്റ് വീണ്ടും ചെൽസിയുടെ വലയിൽ പന്ത് എത്തിച്ചു. സ്‌കോർ 5-0.
ഒറ്റ ഗോൾ പോലും മടക്കാൻ കഴിയാതെ ആഴ്സനലിന്റെ തട്ടകത്തിൽ ദയനീയമായി പരാജയപ്പെടാനായിരുന്നു ചെൽസിയുടെ വിധി. ജയത്തോടെ ആഴ്സനൽ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ 77 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 47 പോയിന്റുമായി ചെൽസി ഒൻപതാം സ്ഥാനത്താണ്.
Discussion about this post