ഇന്ത്യന്‍ പാകിസ്ഥാന് അതിര്‍ത്തിയില്‍ സ്മാര്‍ട്ട് വേലി പദ്ധതിയുമായി ആഭ്യന്തരമന്ത്രാലയം. ലേസര്‍ ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തെ ഫലപ്രദമായി പ്രതിരോധിയ്ക്കാനുള്ള ഈ പദ്ധതി നടപ്പാക്കുന്നത്. അടുത്തമാസം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഈ പദ്ധതി ഔപചാരികമായി ഉത്ഘാടനം ചെയ്യുമെന്ന് ബി എസ് എഫ് ഡയറക്ടര്‍ ജനറല്‍ കെ കെ ശര്‍മ്മ വെള്ളിയാഴ്ച അറിയിച്ചു.
ജമ്മുവില്‍ ഇതിന്റെ ആദ്യഭാഗം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഇന്ത്യ- ബംഗ്ളാദേശ് അതിര്‍ത്തിയായ ആസാമിലെ ധുബ്രിയില്‍ ബ്രഹ്മപുത്ര നദിയ്ക്ക് കുറുകേ യഥാര്‍ത്ഥ വേലികള്‍ നിര്‍മ്മിയ്ക്കാന്‍ അസാദ്ധ്യമായ പ്രദേശമായതുകൊണ്ട് ലേസര്‍ രശ്മികള്‍, സീ സീ ടീ വി എന്നിവ ഉപയോഗിച്ച് നുഴഞ്ഞുകയറ്റം തടയാനുള്ള വേലിയുടെ നിര്‍മ്മാണം പൂര്‍ത്തിയായി.
കോമ്പ്രിഹെന്‍സീവ് ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം (CIBMS) എന്ന വന്‍ പദ്ധതിയുടെ ഒരു ഭാഗമായാണ് ഈ സ്മാര്‍ട്ട് വേലികള്‍ നിര്‍മ്മിയ്ക്കുന്നത്. മേക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ തന്നെ ഇതിന്റെ മുഴുവന്‍ സാങ്കേതികവിദ്യയും രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിയ്ക്കുകയും ചെയ്യുന്നത്. ടാറ്റാ പവര്‍ സ്ട്രാറ്റജിക് എഞ്ചിനീയറിങ്ങ് ഡിവിഷനാണ് CIBMS രൂപകല്‍പ്പന ചെയ്യുകയും നിര്‍മ്മിയ്ക്കുകയും ചെയ്യുന്നത്.
ഇന്തോ പാക്കിസ്ഥാന് അതിര്‍ത്തിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലമായ 2400 കിലോമീറ്റര്‍ ഭാഗത്ത് അടിയന്തിരമായി ഈ സംവിധാനം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അതിര്‍ത്തിരക്ഷാസേന മേധാവി കെ കെ ശര്‍മ്മ പറഞ്ഞു. പാക്കിസ്ഥാന് അതിര്‍ത്തിയാണ് ഏതവും അത്യാവശ്യമായി സുരക്ഷിതമാക്കേണ്ടതെന്നും അതുകൊണ്ടുതന്നെ അവിടമാണ് മുന്‍ഗണനയെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post