തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്നത് കോണ്‍ഗ്രസിന്റെ മിഥ്യാധാരണയാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ മഹായോഗമായ ‘കാര്യകര്‍ത്താ മഹാകുംഭില്‍’ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകള്‍ ജയിക്കുമെന്ന് കോണ്‍ഗ്രസ് സ്വപ്‌നം കാണുന്നതില്‍ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാദ്ധ്യായ് തുടങ്ങിയ പാര്‍ട്ടി ഇപ്പോള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇന്ന് രാജ്യത്തിന്റെ 70 ശതമാനം പ്രദേശത്തും പാര്‍ട്ടി സേവനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ കൊണ്ടുവന്ന പുരോഗമനത്തെ അമിത് ഷാ അഭിനന്ദിച്ചു. ‘മധ്യപ്രദേശിലെ ജനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തങ്ങളെ സേവിക്കാന്‍ ഒരു അവസരം നല്‍കിയെങ്കിലും അവിടെ വികസനം കൊണ്ടുവരാന്‍ അവര്‍ക്ക്് സാധിച്ചില്ല. തുടര്‍ന്ന് ജനങ്ങള്‍ ബി.ജെ.പിക്ക് അധികാരം നല്‍കി. ഇന്ന് മധ്യപ്രദേശ് ധ്രുതഗതിയിലാണ് പുരോഗമിക്കുന്നത്,’ അമിത് ഷാ പറഞ്ഞു.
ന്യൂനപക്ഷമായിരുന്നു പ്രദേശങ്ങളില്‍ പോലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിച്ചുവെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇന്ത്യയുടെ യശസ്സ് മറ്റ് രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും ബി.ജെ.പി പ്രവര്‍ത്തിക്കുന്നത് വോട്ട് ബാങ്കിന് വേണ്ടിയല്ല മറിച്ച് വികസനത്തിന് വേണ്ടിയാണെന്നും അമിത് ഷാ പറഞ്ഞു. മോദി എവിടെ ചെന്നാലും ലഭിക്കുന്ന ആരവം മോദിക്കുള്ളതല്ല, അത് 125 കോടി ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്തിന്റെ സുരക്ഷ ബി.ജെ.പിക്ക് സുപ്രധാനമാണെന്നും പൗരത്വ പട്ടിക നിര്‍മ്മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയില്ലെന്നും അമിത് ഷാ പറഞ്ഞു. അസമില്‍ 40 ലക്ഷം പേരെ ഇന്ത്യക്കാരല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും വിഷയത്തില്‍ അന്വേഷണം നടത്തിയതിന് ശേഷം ഇവരെ രാജ്യത്ത് നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post