റിയാദ്: താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്സ്പോര്ട്ടുകളുള്ള പലസ്തീന് സ്വദേശികള്‍ക്ക് പ്രവേശനം നിഷേധിച്ച് സൗദി അറേബ്യ. വിലക്കോടെ ലക്ഷക്കണക്കിന് പലസ്തീനികള്‍ക്ക് ഹജ്ജ-്ഉംറ തീര്‍ത്ഥാടനം നടത്താനാവില്ല.
താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്സ്പോര്ട്ടുള്ളവര്ക്കായി വിസയ്ക്ക് ഇനിമുതല്‍ അപേക്ഷിക്കേണ്ടതില്ലെന്ന് തങ്ങള്‍ക്കു നിര്‍ദ്ദേശം ലഭിച്ചതായി പലസ്തീനിലെയും ജോര്‍ദാനിലെയും ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.അതേസമയം ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
ജോര്‍ദാനിലും ഇസ്രഈല്‍ അധിനിവേശത്തിലുള്ള കിഴക്കന്‍ ജറുസലേമിലും ജീവിക്കുന്ന 6,34,000 പലസ്തീനികളെ ഈ നീക്കം നേരിട്ടു ബാധിക്കുമെന്നാണ് വിലയിരുത്തല്‍. സൗദിയിലെത്താന്‍ മറ്റു തരത്തിലുള്ള യാത്രാരേഖകളൊന്നും ഇവര്‍ക്കു ലഭ്യമല്ല. ഇവിടങ്ങളില്‍ നിന്നുള്ള ധാരാളം മുസ്ലിം മതവിശ്വാസികള്‍ പ്രതിവര്‍ഷം മക്കയിലേക്കും മദീനയിലേക്കും യാത്ര ചെയ്യാറുണ്ട്. സൗദിയുടെ നീക്കം രാജ്യാന്തരതലത്തില്‍ തന്നെ ചര്‍ച്ചയാകും. ഇസ്രായേല്‍ അനുകൂല നിലപാടുകളുടെ പേരില്‍ സൗദി അറേബ്യയുടെ വിദേശനയം ഈയിടെ ചര്‍ച്ചയായിരുന്നു.
കിഴക്കന്‍ ജറുസലേമിലെ പലസ്തീന് വംശജര്‍ക്കായി അമ്മാന് പാസ്സ്പോര്‍ട്ട് വകുപ്പ് നല്കുന്ന അഞ്ചു വര്‍ഷം കാലാവധിയുള്ള രേഖയാണ് താല്‍ക്കാലിക ജോര്‍ദാനിയന്‍ പാസ്സ്പോര്‍ട്ട്. ജോര്‍ദാനിയന്‍ പൗരത്വരേഖയായി ഈ പാസ്സ്പോര്‍ട്ട് പരിഗണിക്കപ്പെടില്ലെങ്കിലും, ഇസ്രഈലി യാത്രാ രേഖകള്‍ അംഗീകരിക്കാത്ത അറബ് രാജ്യങ്ങളില്‍ യാത്ര ചെയ്യാന്‍ പലസ്തീനികള്‍ക്ക് ഇത് ഉപയോഗിക്കാമായിരുന്നു.
Discussion about this post