തൃശൂര്‍:ഇഷ്ടമുള്ള ഭക്ഷണം കഴിയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന വാദം ശക്തമായ കേരളത്തിലും ഒരു ബീഫ് നിരോധന വാര്‍ത്ത. പൊലീസ് പരിശീലന കേന്ദ്രമായ രാമവര്‍മപുരം പൊലീസ് അക്കാദമിയിലെ ക്യാമ്പുകളുടെ മെസില്‍ ബീഫ് കയറ്റരുതെന്നാണു മേലുദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. രേഖാമൂലം ഇങ്ങനെയൊരു ഉത്തരവ് നല്‍കുന്നതു വിവാദമാകുമെന്നതിനാല്‍ വാക്കാല്‍ മാത്രമാണു കല്‍പന നല്‍കിയിരിക്കുന്നതെന്നാണ് അക്കാദമിയില്‍ നിന്നുള്ളവര്‍ പറയുന്നത്.
പൊലീസ് ട്രെയിനികള്‍തന്നെയാണു അവര്‍ക്കുള്ള മെനു നിശ്ചയിക്കാറുള്ളത്. എല്ലാ മാസവും ഇതിനായി മെസ് കമ്മിറ്റി യോഗം ചേരും. ചിക്കനും മീനും മെനുവില്‍ ഉള്‍പ്പെടുത്താറുണ്ടെങ്കിലും ബീഫ് പട്ടികയില്‍ ഇടം പിടിക്കാറില്ല. മേലധാികാരി ബീഫിനെതിരായതിനാല്‍ ബീഫ് കഴിക്കാന്‍ താല്‍പര്യമുള്ളവരും ശബ്ദിക്കാറില്ല. മുന്‍പു അക്കാദമി ക്യാമ്പില്‍ സമൃദ്ധമായി ലഭിച്ചിരുന്ന ബീഫ് ഇതോടെ കിട്ടാക്കനിയായെന്നാണ് ട്രെയിനികള്‍ പറയുന്നത്.
ബീഫിനോടുള്ള എതിര്‍പ്പ് മേലുദ്യോഗസ്ഥന്‍ അനൗദ്യോഗികമായി മെസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരോടു പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പുറമെ നിന്ന് ബീഫ് കഴിയ്‌ക്കേണ്ട അവസ്ഥയിലാണ് ബീഫ് തീറ്റി പ്രിയന്മാര്‍.
Discussion about this post