ഇന്ത്യയില്‍ വലിയ തുകകളുടെ വായ്പാ തട്ടിപ്പ് നടന്നത് യു.പി.എ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലമാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന് പറഞ്ഞു. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് രാജ്യം വിട്ട പലര്‍ക്കും യു.പി.എ സര്‍ക്കാര്‍ മതിയായ ജാഗ്രത പുലര്‍ത്താതെയാണ് വായ്പ നല്‍കിയതെന്ന് അവര്‍ പറഞ്ഞു. ഇത് മൂലം നിലവില്‍ ബാങ്കുകള്‍ക്ക് വായ്പ നല്കാന് പണം ഇല്ലാത്ത അവസ്ഥയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘പരിചയക്കാര്‍ക്ക്’ ഒരു ഫോണ്‍ കോളിന്റെ പുറത്താണ് യു.പി.എ സര്‍ക്കാരിന്റെ കാലയളവില്‍ ബാങ്ക് ലോണ്‍ നല്‍കിയതെന്ന് നിര്‍മ്മലാ സീതാരാമന് വിമര്‍ശിച്ചു. തിരച്ചടയ്ക്കാനുള്ള കഴിവുണ്ടോയെന്നും മറ്റും നോക്കാതെയാണ് ലോണുകള്‍ നല്‍കിയതെന്നും അവര്‍ കുറ്റപ്പെടുത്തി.
ഈ സാഹചര്യങ്ങളില്‍ രാജ്യത്ത് 7.5 മുതല്‍ 8 ശതമാനം വരെ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ പല നടപടികളും എടുത്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി വായ്പ തിരിച്ചടക്കാത്തവരുടെ വസ്തു വകകള്‍ ജപ്തി ചെയ്യാനുള്ള നിയമം 2016ല്‍ കൊണ്ടുവന്നെന്നും അവര്‍ പറഞ്ഞു. ഇത് കൂടാതെ വായ്പാ തട്ടിപ്പ് നടത്തി നാട് വിട്ട് പോയവരെ തിരിച്ച് കൊണ്ടുവരാനുള്ള നടപടികളും എടുത്തിട്ടുണ്ടെന്ന് നിര്‍മ്മലാ സീതാരാമന് പറഞ്ഞു.
Discussion about this post