പഞ്ചാബിന്റെ സംസ്കാരത്തെപ്പോലെത്തന്നെയാണ് പാക്കിസ്ഥാന്റെ സംസ്കാരവുമെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയുമായ നവ്ജോത് സിംഗ് സിദ്ദു. സിദ്ദുവിന്റെ ഈ പ്രസ്താവനക്കെതിരെ കടുത്ത വിമര്‍ശനമാണുയര്‍ന്നിരിക്കുന്നത്.
താന്‍ തമിഴ്നാട്ടില്‍ ചെന്നപ്പോള്‍ തമിഴ് അറിയാത്തത് മൂലം അവിടുത്തെ ജനങ്ങളുമായി ആശയ വിനിമയം നടത്താന്‍ സാധിച്ചില്ലെന്നും അതേസമയം പാക്കിസ്ഥാനില്‍ പോയപ്പോള്‍ അവിടെയുള്ളവര്‍ അവിടെയുള്ളവര്‍ തന്നോട് പഞ്ചാബിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചതെന്ന് സിദ്ദു പറഞ്ഞു. തമിഴ്നാട്ടിലെ ഭക്ഷണവും തനിക്കിഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനില്‍ പോയപ്പോള്‍ അവിടെയുള്ളവരുമായി കൂടുതല്‍ ഇടപഴകാന്‍ സാധിച്ചു സിദ്ദു ചൂണ്ടിക്കാട്ടി. കസൗലിയിലെ ഖുഷ്വന്ത് സിങ് സാഹിത്യ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സമാനതകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കിടെയായിരുന്നു സിദ്ദു വിവാദ പ്രസ്താവന നടത്തിയത്.
സിദ്ദുവിന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനം ഉയര്‍ന്ന് വന്നിട്ടുണ്ട്. സ്വന്തം രാജ്യത്തെ തരംതാഴ്ത്തുന്ന പ്രവണത നല്ലതല്ലെന്ന് അകാലി ദള്‍ പാര്‍ട്ടി വക്താവ് ദല്‍ജിത്ത് സിങ് ചീമ പറഞ്ഞു. മറ്റുള്ളവരെ പുകഴ്ത്തുന്നത് നല്ലതാണെങ്കിലും അത് സ്വന്തം രാജ്യത്തെ താഴ്ത്തിക്കെട്ടിയാവരുതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ ഒന്നും തന്നെ ആക്ഷേപാര്‍ഹമായി പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസ്താവനക്കെതിരെ നടക്കുന്നത് അനാവശ്യ വിവാദമാണെന്നും സിദ്ദു പറഞ്ഞു.
Discussion about this post