ടിപ്പു സുല്‍ത്താന്റെ ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് ടിപ്പു ജയന്തി ആഘോഷിക്കാന്‍ തയ്യാറെടുക്കുയാണ് കര്‍ണാടക സര്‍ക്കാര്‍. ഇതിന് വേണ്ടി കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ നിന്നും 10 യൂണിറ്റ് ആര്.എ.എഫ് സൈനികരെ വേണമെന്ന് ആവശ്യവും കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.
2016 മുതല്‍ എല്ലാ കൊല്ലവും നവംബര്‍ 10നാണ് കര്‍ണാടക സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ച് തുടങ്ങിയത്. ഇത്തവണ ആഘോഷ പരിപാടികളില്‍ നിന്നും ഘോഷയാത്രകള്‍ നിരോധിച്ചിട്ടുണ്ട്. ടിപ്പു ജയന്തിക്കെതിരായ ഘോഷയാത്രകളും സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ടിപ്പു ജയന്തി ആഘോഷങ്ങളെ വര്ഗ്ഗീയവല്ക്കരിക്കാന് ബി.ജെ.പി ശ്രമിക്കുന്നുവെന്ന് സര്‍ക്കാര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച കുറ്റപ്പെടുത്തി. ടിപ്പു ജയന്തി ആഘോഷം ന്യൂനപക്ഷ പ്രീണനമാണെന്ന് ബി.ജെ.പിയും ആര്.എസ്.എസും വാദിക്കുന്നു.
അതേസമയം പരിപാടികളുടെ ക്ഷണക്കത്തില്‍ നിന്നും തന്റെ പേര് ഒഴിവാക്കണമെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്ഡെ കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്ഷണക്കത്ത് അച്ചടിച്ച് കഴിഞ്ഞുവെന്നും അതില്‍ ആനന്ത് കുമാര്‍ ഹെഗ്ഡെയുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉപമുഖ്യമന്ത്രി ജി.പരമേശ്വര പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കണോ വേണ്ടയോ എന്നത് മന്ത്രിക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.
2016 ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്കെതിരെ ആനന്ദ് കുമാര്‍ ഹെഗ്ഡെ സംസാരിച്ചിരുന്നു. കൊഡഗിലെയും മറ്റ് ചില തീരപ്രദേശങ്ങളിലെയും ചിലര്‍ ടിപ്പു സുല്‍ത്താല്‍ കന്നഡ ഭാഷയ്ക്കും ഹിന്ദുക്കള്‍ക്കും എതിരായിരുന്നുവെന്ന് വാദിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാണിക്കുകയായിരുന്നു.
Discussion about this post